ക്ഷേത്രത്തിലെ ബലാത്സംഗം; പൂജാരിമാര്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി സംശയം

ഭോപ്പാല്‍- മധ്യപ്രദേശിലെ ദാത്തിയ ഡിസ്ട്രിക്ടില്‍ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനകത്ത് ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പൂജാരിമാരെ പോലീസ് അറസ്റ്റ് ചെയ്തു. രാജുപണ്ഡിറ്റ് (55), ബട്ടോളി പ്രജാപതി (45) എന്നിവരാണ് അറസ്റ്റിലായത്. പോസ്‌കോ ചുമത്തിയ പ്രതികള്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.
മധുരം നല്‍കാമെന്ന് പറഞ്ഞാണ് അഞ്ച് വയസ്സുകാരിയെ പൂജാരിമാര്‍ ക്ഷേത്രത്തിലേക്ക് വിളിച്ചുകയറ്റിയത്. പീഡനത്തിന് ശേഷം കുട്ടിയെ  വീട്ടിലെത്തിച്ച പൂജാരിമാര്‍ സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
വീട്ടിലെത്തിയ കുട്ടി വയറുവേദനയെ തുടര്‍ന്നാണ് അമ്മയോട് വിവരങ്ങള്‍ പറഞ്ഞത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കര്‍ഷകനാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ദാത്തിയ എസ്.പി മായങ്ക് അവാസ്ഥി പറഞ്ഞു.

 

Latest News