Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതാശ്വാസം വക മാറ്റുമെന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം- പ്രളയ ദുരന്തത്തിന്റെ പേരിൽ കോടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുമ്പോൾ ഈ പണമെല്ലാം അർഹരായവർക്ക് ലഭിക്കില്ലെന്ന വാദഗതിക്ക് ശക്തിയേറുന്നു. മുൻ ഇടതു എം.എൽ.എയുടെ കാർ വായ്പയും സ്വർണവായ്പയും അടച്ചുതീർക്കാൻ ലക്ഷങ്ങൾ നൽകിയത് ദുരിതാശ്വാസനിധിയിൽ നിന്ന്. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ കാർ വായ്പയും സ്വർണ വായ്പയും അടച്ചുതീർക്കുന്നതിന് നൽകിയത് 8,66,697 രൂപയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. കരൾ രോഗങ്ങൾ, കാൻസർ തുടങ്ങി ഗുരുതര രോഗങ്ങൾ ബാധിച്ചവർ, പ്രകൃതി ക്ഷോഭങ്ങളിൽ നഷ്ടം സംഭവിച്ചവർ എന്നിവർക്ക് തുക നൽകാം. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് പരിഗണന. മുഖ്യമന്ത്രിക്ക് നേരിട്ട് മൂന്ന് ലക്ഷം വരെ അനുവദിക്കാം. അതിനു മുകളിൽ അനുവദിക്കണമെങ്കിൽ മന്ത്രിസഭ തീരുമാനിക്കണം. വില്ലേജ് ഓഫീസർ, തഹസിൽദാർ, കലക്ടർ എന്നിവരുടെ റിപ്പോർട്ട് വേണം. എന്നാൽ മുൻഎം.എൽ.എയുടെ വായ്പയ്ക്ക് ഇതിന്റെ ആവശ്യമൊന്നുമുണ്ടായില്ല. മന്ത്രിസഭാ യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. 
രാമചന്ദ്രൻ നായരുടെ ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ നൽകിയിരുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ മകന് പി.ഡബ്ല്യൂ.ഡിയിൽ അസി.എൻജിനീയറായി ജോലിയും നൽകി. ഇതിനു പുറമേയാണ് നിയമസഭയിൽ നിന്ന് കാർ വാങ്ങാൻ എടുത്ത ആറ് ലക്ഷം രൂപയുടെ വായ്പയും എസ്.ബി.ടി, ധനലക്ഷ്മി, കോർപറേഷൻ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത 2,66,697 ലക്ഷം രൂപയുടെ സ്വർണ വായ്പയും ദുരിതാശ്വാസ നിധിയിൽ നിന്ന് കൊടുത്തുതീർക്കാൻ തീരുമാനിച്ചത്. വീട് പണിയുന്നതിന് സാധനമെടുത്ത വകയിൽ 2.15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ടും പരിഗണനയിലാണ്.
മുമ്പ് ഉഴവൂർ വിജയൻ മരിച്ചപ്പോഴും അഞ്ച് ലക്ഷം രൂപ ചികിത്സയ്ക്കും 20 ലക്ഷം മക്കളുടെ വിദ്യാഭ്യാസത്തിനും എന്ന പേരിൽ നൽകിയിരുന്നു. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടതിനെത്തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിനും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും പുറമെ 20 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രത്യേക പരിഗണനയിൽ നൽകിയിരുന്നു. സർക്കാരിന് താൽപര്യമുള്ളവർക്കായി ദുരിതാശ്വാസ ഫണ്ട് എങ്ങനെ വേണമെങ്കിലും ചെലവഴിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് ഈ സംഭവങ്ങൾ. 
പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് എത്തിയത് ഇതുവരെ 1800 കോടി രൂപയാണ്. ഇത് അനർഹരുടെ കൈയിലെത്തുമെന്നതിനാലാണ് പ്രത്യേക അക്കൗണ്ട് തുറക്കണം എന്ന വാദമുന്നയിക്കപ്പെടുന്നത്.

 

Latest News