Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭക്തർ എതിർത്തു;  ക്ഷേത്രം ഏറ്റെടുക്കാനാവാതെ  മലബാർ ദേവസ്വം ഭാരവാഹികൾ മടങ്ങി

തളിപ്പറമ്പ് മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കാൻ എത്തിയ മലബാർ  ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഭക്തജനങ്ങളും തമ്മിലുണ്ടായ  സംഘർഷം 

തളിപ്പറമ്പ് - പോലീസ് സന്നാഹത്തോടെ ക്ഷേത്ര ഭരണം ഏറ്റെടുക്കാനെത്തിയ മലബാർ ദേവസ്വം ബോർഡ് അധികൃതരെ ഭക്തജനങ്ങൾ തടഞ്ഞു. തുടർന്ന് ഏറെ നേരത്തെ സംഘർഷത്തിനു പിന്നാലെ നടപടി പൂർത്തിയാക്കാനാവാതെ അധികൃതർ മടങ്ങി. തളിപ്പറമ്പ് തൃച്ചംബരത്തെ മുളങ്ങേശ്വരം ക്ഷേത്രത്തിനു മുന്നിലാണ് ഇന്നലെ രാവിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇത് രണ്ടാമത് തവണയാണ് ഭക്തജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ദേവസ്വം ബോർഡ് പിൻവാങ്ങുന്നത്. സ്ത്രീകൾ അടക്കമുള്ളവർ ക്ഷേത്രത്തിനു മുന്നിൽ ഉപരോധം തീർക്കാനെത്തിയിരുന്നു. 
ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ളതായിരുന്നു മുളങ്ങേശ്വരം ക്ഷേത്രം. ഇത് പിന്നീട് നാട്ടുകാരുടെ കമ്മിറ്റിക്കു വിട്ടുകൊടുത്തു. ലക്ഷങ്ങൾ ചെലവഴിച്ച് ക്ഷേത്രം നവീകരിക്കുകയും നിരവധി ഭക്തജനങ്ങളെത്തി വരുമാനം വർദ്ധിക്കുകയും ചെയ്തതോടെയാണ് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്ററുടെ നേതൃത്വത്തിൽ ക്ഷേത്രം പിടിച്ചെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. നേരത്തെ അധികൃതരുടെ സഹായത്തോടെ നടത്തിയ നീക്കം ജനങ്ങൾ ഇടപെട്ട് തടഞ്ഞിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ വൃന്ദ, ഡിവിഷൽ ഓഫീസർ ഉഷ, എക്‌സിക്യൂട്ടീവ് ഓഫീസർ എം. ഗിരിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തിയത്. തളിപ്പറമ്പ് വില്ലേജ് ഓഫീസർ ജയന്തിയേയും വിളിച്ചു വരുത്തിയിരുന്നു. ജനങ്ങൾ എതിർക്കുമെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചു. തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തിൽ വനിതാ പോലീസിനെ അടക്കം തയ്യാറാക്കിയിരുന്നു.  
എന്നാൽ ക്ഷേത്രത്തിനു മുന്നിൽ ഭക്തജനങ്ങൾ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ സംഘർഷമായി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ കോടതി ഉത്തരവു കാണിക്കാതെ ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് ജനങ്ങൾ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥരും ഭക്തരും തമ്മിൽ ഏറെ നേരം വാക്കുതർക്കം നടന്നു. ഈ സമയം പോലീസും ഇടപെട്ടതോടെ ജനങ്ങൾ നാമജപം മുഴക്കി ക്ഷേത്രത്തിനു മുന്നിൽ കുത്തിയിരുന്നു. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഏറ്റെടുക്കൽ നടപടി പൂർത്തായാക്കാനാവില്ലെന്ന് വന്നതോടെ മണിക്കൂറുകൾക്കു ശേഷം ഉദ്യോഗസ്ഥർ തിരികെ പോവുകയായിരുന്നു. 
1979 മുതൽ വിശ്വാസികളുടെ കമ്മിറ്റിയാണ് ഈ ക്ഷേത്ര ഭരണം കൈയാളുന്നത്. ക്ഷേത്ര സംരക്ഷണ സമിതിയിൽ രജിസ്റ്റർ ചെയ്ത  ക്ഷേത്രത്തിന്റെ ഭരണം ഇ. വേണുഗോപാൽ പ്രസിഡണ്ടായ കമ്മിറ്റിയാണ് നടത്തി വരുന്നത്. എന്തു വില കൊടുത്തും ഏറ്റെടുക്കൽ നടപടി തടയുമെന്നാണ് ഭക്തജനങ്ങളുടെ നിലപാട്. 

 

Latest News