റിയാദ്- മുതിർന്ന സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ തുർക്കി അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുന്നതായി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് ജമാൽ ഖശോഗിയെ കാണാതായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം കോൺലുലേറ്റ് നിഷേധിച്ചു. സേവനങ്ങൾക്കു വേണ്ടിയാണ് ജമാൽ ഖശോഗി കോൺസുലേറ്റ് സന്ദർശിച്ചത്. നടപടികൾക്കു ശേഷം ഇദ്ദേഹം കോൺസുലേറ്റിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. കോൺസുലേറ്റ് ആസ്ഥാനത്തു നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ജമാൽ ഖശോഗിയെ കാണാതായത്. സംഭവത്തിലെ ദുരൂഹതകൾ കണ്ടെത്തുന്നതിന് തുർക്കി സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണെന്നും കോൺസുലേറ്റ് പറഞ്ഞു.
നിലവിൽ അമേരിക്കയിൽ കഴിയുന്ന ജമാൽ ഖശോഗി പുനർവിവാഹം ചെയ്യുന്നതിന് സാധിക്കാൻ, വിവാഹ മോചന രേഖകൾക്കു വേണ്ടിയാണ് ഇസ്താംബൂൾ സൗദി കോൺസുലേറ്റിലെത്തിയത്. വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രത്തിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ജമാൽ ഖശോഗി സമീപ കാലത്ത് മുസ്‌ലിം ബ്രദർഹുഡ് അനുകൂല നിലപാടുകൾ പ്രകടിപ്പിച്ചത് സ്വദേശത്ത് ഏറെ വിവാദമായിരുന്നു.






