Sorry, you need to enable JavaScript to visit this website.

മൊബൈലില്‍ സംസാരിക്കവെ ഓടുന്ന ട്രെയ്‌നില്‍ നിന്ന് പെണ്‍കുട്ടി തെന്നി വീണു; അത്ഭുതകരം ഈ രക്ഷപ്പെടുത്തല്‍- Video

മുംബൈ- അതിവേഗതയില്‍ ഓടുന്ന ടെയ്‌നില്‍ വാതില്‍ക്കല്‍ നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്ക് വീണ കൗമാരക്കാരിയെ സഹയാത്രികര്‍ അത്ഭുതകരമായി രക്ഷിക്കുന്ന വീഡിയോ ദൃശ്യം വൈറലായി. മുംബൈ ലോക്കല്‍ ട്രെയ്‌നില്‍ തിങ്കളാഴ്ചയാണ് സംഭവം. കല്യാണിലേക്കു പോകുകയായിരുന്ന ട്രെയ്‌നില്‍ യാത്ര ചെയ്ത 17-കാരിയാണ് ഖടക്പൂര്‍, വിഖ്രോളി സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് പുറത്തേക്ക് തെന്നിയത്. തൊട്ടടുത്തു നിന്നിരുന്ന യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടിച്ചതാണ് തുണയായത്. ഈ സമയം സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയ്‌നും ചീറിപ്പായുന്നുണ്ടായിരുന്നു. യുവാവ് പിടിവിടാതെ ടീ ഷര്‍ട്ടില്‍ പിടിച്ചതോടെ പെണ്‍കുട്ടി പുറത്തേക്കു തൂങ്ങിയാടി. കൃത്യസമയത്തു തന്നെ മറ്റുയാത്രക്കാര്‍ കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ച് ട്രെയിനിലേക്ക് തന്നെ കയറ്റുകയായിരുന്നു. ഈ സംഭവം യാത്രക്കാരില്‍ ഒരാള്‍ പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യമാണ് സമുഹ മാധ്യമങ്ങളില്‍ വൈറലായത്.

റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. മുംബൈക്കടുത്ത ദിവ സ്വദേശിയാണ് പെണ്‍കുട്ടി. മൊബൈല്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ ബാലന്‍സ് തെറ്റി പുറത്തേക്ക് തെറിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. അതേസമയം ട്രെയ്‌നില്‍ തിരക്കില്ലാതിരുന്നിട്ടും പെണ്‍കുട്ടിയടക്കം പല യാത്രക്കാരും തുറന്ന വാതില്‍ക്കല്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
 

Latest News