റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഉപരോധ ഭീഷണിയുമായി യുഎസ്

ന്യുദല്‍ഹി- പത്തൊമ്പതാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഇന്ന് ദല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഈ ചര്‍ച്ചയില്‍ റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാന അജണ്ട പ്രതിരോധ രംഗത്തെ സഹകരണമാണ്. മിസൈല്‍ കരാറില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തുമെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അതേസമയം റഷ്യയുമായി പ്രതിരോധ ഇടപാട് നടത്തുന്ന ഇന്ത്യയ്ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് ഭീഷണിയുമായി യുഎസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായാണ് യുഎസ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കയുടെ എതിരാളികള്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നിയമം പ്രയോഗിക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ്. റഷ്യയില്‍ നിന്ന് പോര്‍ വിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനവും വാങ്ങിയ ചൈനയ്ക്കു മേല്‍ കഴിഞ്ഞ മാസം യുഎസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. റഷ്യയുടെ ആയുധ ഇടപാടുകള്‍ക്ക് തടയിടുകയാണ് ഈ ഉപരോധന നിയമത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. റഷ്യയുമായുള്ള ഇടപാടുകളില്‍ നിന്ന് പിന്മാറണമെന്ന് ബുധനാഴ്ച സഖ്യകക്ഷി, പങ്കാളി രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.

40,000 കോടി രൂപയുടെ വന്‍ പ്രതിരോധ കരാറാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എസ്-400 മിസൈല്‍ ഇടപാട്. റഷ്യ നിര്‍മ്മിച്ച ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണിത്. ഈ കരാറില്‍ ഇന്ത്യയും റഷ്യയും രണ്ടു ദിവസത്തിനകം ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

Latest News