വെള്ളമുണ്ട- വയനാട്ടിൽ വിഷമദ്യം കഴിച്ച് മൂന്നു പേർ കുഴഞ്ഞുവീണു മരിച്ചു. വരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി(78) മകൻ പ്രമോദ്(35) ബന്ധു പ്രസാദ് (35) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച തിഗിനായി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇന്ന് രാവിലെ തിഗിനായിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് രണ്ടു പേർ കൂടി മരിച്ചത്. തിഗിനായിയുടെ വീട്ടിലുണ്ടായിരുന്ന മദ്യം മകൻ പ്രമോദും ബന്ധു പ്രസാദും എടുത്തുകൊണ്ടുപോയി കഴിച്ചിരുന്നു. ഇരുവരും ഉടൻ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരണം സംഭവിച്ചു. പ്രമോദ് ആശുപത്രിയിലേക്കുള്ള യാത്രയിലും പ്രസാദ് ആശുപത്രിയിലുമാണ് മരിച്ചത്. തിഗിനായിക്ക് തമിഴ്‌നാട്ടിൽനിന്നെത്തിയ ചിലർ സമ്മാനിച്ച മദ്യമായിരുന്നു ഇതെന്നാണ് അനുമാനം. വീട്ടിൽ കുട്ടികളുടെ അസുഖം മാറാനും മറ്റുമായി ചരട് കെട്ടിക്കൊടുക്കുന്ന ചടങ്ങ് തിഗിനായി എത്താറുണ്ട്. ഇതിന് എത്തിയവരാണ് മദ്യം സമ്മാനിച്ചതത്രെ.