തിരുവനന്തപുരം- അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രീലങ്കയ്ക്കടുത്ത് നാളെ ശക്തമായ ന്യൂനമർദ്ദം രൂപപ്പെടാനുളള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതേതുടർന്ന് സംസ്ഥാനം മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ന്യൂനമർദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതൽ കേരളത്തിൽ പരക്കെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ ഈ മാസം ഏഴിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിച്ചു.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലി നും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിക്കാൻ തയ്യാറാകണം. നാളെ മുതൽ ക്യാമ്പുകൾ തയ്യാറാക്കാനും കലക്ടർമാർക്ക് നിർ ദേശം നൽകി.
അഞ്ചിനുശേഷം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മൂന്നാറിലേക്കുളള യാത്ര നിരോധിച്ചു. വെള്ളപ്പൊക്ക സാധ്യത മേഖലകളിൽ പുഴയുടെയും തോടുകളുടെയും തീരത്തുളളവർ ആവശ്യമെന്നു കണ്ടാൽ ക്യാമ്പുകളിലേക്ക് മാറണം. മുമ്പ് പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. കേന്ദ്രസേനാവിഭാഗങ്ങളോ ട് അടിയന്തരമായി സജ്ജമാകാനും നിർദേശിച്ചു.






