Sorry, you need to enable JavaScript to visit this website.

ശബരിമലയിൽ വേണ്ടത് സ്വയാർജിത  നിയന്ത്രണമെന്ന് ജസ്റ്റിസ് കെമാൽ പാഷ 

കൊച്ചി- ശബരിമലയുമായി ബന്ധപ്പെട്ട് സ്വയാർജിത നിയന്ത്രണമാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ ഹരജിക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. തൂലിക അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ഏറെക്കാലമായി തുടർന്നുവരുന്ന ആചാരം കോടതിയുടെ മുന്നിൽ വരേണ്ട വിഷയം ആയിരുന്നില്ല. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചതെന്നും ഇങ്ങനെ ഒരു വാദം ഉന്നയിച്ചതിലൂടെ കോടതിക്ക് നിയമം മാത്രം നോക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഹരജിക്കായി ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല. ഇതൊന്നും കോടതിക്ക് വിടേണ്ട വിഷയമല്ല. ശബരിമലയിൽ ഇനി സ്ത്രീകളെ മേൽശാന്തിയാക്കണം എന്ന ആവശ്യം ഉയർന്നേക്കാം. 
കോടതിക്കു മുന്നിൽ ഒരു വിഷയം വന്നാൽ തീർപ്പാക്കാതെ വേറെ മാർഗമില്ല. ഇതൊരു സാമൂഹ്യ വിഷയമായി കണക്കാക്കാതെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു വേണ്ടത്.  സ്ത്രീ സുരക്ഷക്കായി വനഭൂമി വിട്ടുനൽകണമെന്ന ആവശ്യം പ്രായോഗികമല്ല. 
പട്ടിണി കിടക്കുന്നവർ, ഭവനരഹിതർ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ, പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാത്തവർ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ട സമയത്ത് ശബരിമലയും സ്വവർഗരതിയും വിവാഹേതര ബന്ധവും ഒക്കെ  ചർച്ച ചെയ്ത് സമയം കളയുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ട് ജുഡീഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നും കെമാൽ പാഷ പറഞ്ഞു.
തെറ്റ് പറ്റി എന്ന് തുറന്ന് പറയാനുള്ള ആർജവം എല്ലാവരും കാണിക്കണം. തെറ്റ് ആർക്കും സംഭവിക്കാം, എന്നാൽ അതിനെ  ന്യായീകരിക്കുന്നത് ശരിയല്ല. മാധ്യമ പ്രവർത്തകർക്കും ഇത് ബാധകമാണ്. സമൂഹത്തിലെ തിന്മകൾക്കെതിരെ നീന്താൻ പഠിക്കണം. പുരുഷ പീഡനം എന്നത് യാഥാർഥ്യമാണ്, പക്ഷേ താരതമ്യേന കുറവാണെന്ന് മാത്രം. ഏത് മനുഷ്യനും തന്റെ പ്രവൃത്തിക്ക് അയാളുടേതായ ന്യായീകരണം കാണും. എന്നാൽ ന്യായീകരണത്തിലൂടെ നമ്മുടെ നീതിന്യായ സംവിധാനം കടന്നു പോകുന്നില്ല എന്നത് സങ്കടകരമാണെന്ന് കെമാൽ പാഷ പറഞ്ഞു. 
പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രജേഷ് സെൻ (ആത്മകഥ - ഓർമകളുടെ ഭ്രമണപഥം), പി. ചന്ദ്രൻ (നോവൽ - പുരുഷ പീഡനം), എൽദോസ് യോഹന്നാൻ (നാടകം - മണ്ണ്) എന്നിവർക്ക് ജസ്റ്റിസ് ബി. കെമാൽ പാഷ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ അധ്യക്ഷത വഹിച്ചു. ജൂറി ചെയർമാൻ രവി കുറ്റിക്കാട്, പി ആർ സി ഐ കേരള ചാപ്റ്റർ ചെയർമാൻ യു.എസ് കുട്ടി, അവാർഡ് ജേതാക്കളായ പ്രജേഷ് സെൻ, പി. ചന്ദ്രൻ, എൽദോസ് യോഹന്നാൻ,പി ആർ സി ഐ ദേശീയ അധ്യക്ഷൻ ടി. വിനയ്കുമാർ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ജലീൽ അരൂക്കുറ്റി എന്നിവർ സംസാരിച്ചു. 

 

Latest News