മദീന- ലൈസൻസില്ലാതെ പ്രവർത്തിച്ച നൂറിലേറെ നഴ്‌സറികളും സ്വകാര്യ സ്‌കൂളുകളും വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അടപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജവാസാത്ത്, സിവിൽ ഡിഫൻസ്, ലേബർ ഓഫീസ്, ഇസ്‌ലാമികകാര്യ വകുപ്പ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മദീന ഗവർണറേറ്റ് രൂപീകരിച്ച കമ്മിറ്റിയാണ് അനധികൃത നഴ്‌സറികളും സ്‌കൂളുകളും അടപ്പിച്ചത്. ട്യൂഷൻ ഫീസ് കുറവ് മാത്രം നോക്കി, ലൈസൻസില്ലാത്ത നഴ്‌സറികളിലും സ്‌കൂളുകളിലും കുട്ടികളെ ചേർക്കുന്നതിനെതിരെ മദീന വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം മേധാവി അബ്ദുൽ അസീസ് അൽഹുജൈലി രക്ഷാകർത്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളെ ചേർക്കുമ്പോൾ സ്ഥാപനങ്ങളുടെ ലൈസൻസ് ഉറപ്പുവരുത്തണം.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് വിവരം നൽകി എല്ലാവരും സഹകരിക്കണം. നഴ്‌സറി മേഖലയിൽ സ്വകാര്യ മേഖല നിക്ഷേപങ്ങൾ നടത്തുന്നതിനെ വിദ്യാഭ്യാസ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. മദീനയിൽ ലൈസൻസുള്ള 100 ലേറെ നഴ്‌സറികളുണ്ടെന്നും അബ്ദുൽ അസീസ് അൽഹുജൈലി പറഞ്ഞു.