Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല, ബ്രൂവറി വിവാദം അനാവശ്യം-മുഖ്യമന്ത്രി

തിരുവനന്തപുരം- സർക്കാറിന് മുന്നിലെ പ്രധാന അജണ്ട പുനർനിർമാണമാണെന്നും ധനസമാഹരണമാണ് വലിയ വെല്ലുവിളിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയദുരന്തത്തിനിരയായ കേരളത്തിന് ചില വിദേശരാജ്യങ്ങൾ പ്രഖ്യാപിച്ച സഹായം സ്വീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ കേന്ദ്രം അയവുവരുത്താൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാനമന്ത്രി മോഡിയോട് സംസാരിച്ചതിൽനിന്ന് മനസിലാകുന്നത്. അതേസമയം, ലോകത്തുള്ള മലയാളി കൂട്ടായ്മകളെ സന്ദർശിക്കാൻ സംസ്ഥാന മന്ത്രിമാർ പോകുന്നുണ്ടെന്നും അതിന് അനുമതി നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് പിന്തുണ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാടിന് പ്രത്യേക പദ്ധതി വേണമെന്ന ആവശ്യത്തോടും പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽനിന്ന് സഹായം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് വിദേശമലയാളികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം പതിനേഴ് മുതൽ 21 വരെയാണ് മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുക. 
ഇത്തരത്തിലുള്ള ധനസമാഹരണം ആവശ്യമില്ല എന്ന തരത്തിൽ പ്രതികരണം വരുന്നത് ശരിയല്ല. ഇത്തരം പ്രതികരണം നടത്തുന്നവർ നാടിന്റെ ഭാവിയെ പറ്റി ഓർക്കണം. ധനസമാഹരണം വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും രംഗത്തിറങ്ങേണ്ടത്. നേരത്തെയുള്ളത് മാത്രം പുനർനിർമ്മിക്കുക എന്നത് മാത്രമല്ല ലക്ഷ്യമിടുന്നത്. ലോകത്തിലെ പുതിയ മാതൃകകളാണ് സ്വീകരിക്കുന്നത്. ലോക ബാങ്കിൽനിന്നും മികച്ച സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ നേതാവിന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാൻ പ്രാവീണ്യമുണ്ട്. സർക്കാറിനെതിരെ ജനങ്ങളെ തിരിച്ചുവിടാൻ കഴിയുമോ എന്നാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രളയകാലത്ത് അദ്ദേഹം ഉന്നയിച്ച് ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞു. ബ്രൂവറി വിഷയത്തിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രികക്ക് വിരുദ്ധമായല്ല ബ്രൂവറികൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മദ്യനിരോധനമല്ല, മദ്യവർജനമാണ് എന്ന പ്രഖ്യാപിത നയവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ നാൽപത് ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് ലഭ്യമാകുന്നത്. പുറത്തുനിന്നുള്ള വരവ് കുറക്കാനാണ് ഇത് ചെയ്തത്. ഇവിടെ ഉൽപാദിപ്പിക്കുന്നത് കൂടുന്നതോടെ ഫലത്തിൽ പുറത്തെ കമ്പനികൾക്ക് നഷ്ടം സംഭവിക്കും. ഇക്കാര്യം പ്രതിപക്ഷനേതാവിന് ബോധ്യമായിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്നുള്ള മദ്യമൊഴുക്ക് കുറക്കുന്നതിന് താൻ അനുകൂലമാണ് എന്നറിയിച്ച് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് കത്ത് നൽകിയിട്ടുണ്ട്. ബ്രൂവറി അനുവദിച്ചതിലൂടെ വേറെയും നിരവധി നേട്ടങ്ങളുണ്ട്. സംസ്ഥാനത്ത് പുതുതായി നൂറുകണക്കിന് തൊഴിലവസരങ്ങളുണ്ടാകും. അതോടൊപ്പം നികുതിയിനത്തിലുള്ള വർധനവുമുണ്ടാകും. ഇത്തരത്തിൽ തൊഴിലവസരങ്ങൾ കൂടുകയും ഖജനാവിലേക്കുള്ള വരുമാനവും കൂടും. അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഇത് സംസ്ഥാനത്തിന് എതിരാണ് എന്ന് പ്രതിപക്ഷനേതാവിന് മാത്രമേ കഴിയൂ. മദ്യവർജനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടപടി സ്വീകരിക്കുന്നുണ്ട്. മദ്യവർജനത്തിനായി ഇന്നുള്ളതിനേക്കാൾ ശക്തമായ ഇടപെടൽ നടത്തും. ഇതാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മദ്യവർജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സമിതി രൂപീകരിച്ചു. എല്ലാ ജില്ലകളിൽും ഡീ അഡിക്ഷൻ സെന്ററുകൾ രൂപീകരിച്ചു. പതിനാലു ജില്ലകളിൽ ഇപ്പോഴുള്ള ഡീ അഡിക്ഷൻ വാർഡുകൾ മാതൃക ചികിത്സ കേന്ദ്രങ്ങളായി മാറ്റിയെടുത്തു. കോഴിക്കോട് കിനാലൂരിൽ മാതൃക സെന്ററുകൾ ഉടൻ ആരംഭിക്കും. ഇടതുസർക്കാർ പത്രപരസ്യം നൽകാതെ ബോട്ട്‌ലിംഗ് കേന്ദ്രങ്ങൾ അനുവദിച്ചുവെന്നാണ് ആരോപിക്കുന്നത്. എന്നാൽ ഇതിന് പത്രപരസ്യം നൽകുന്ന രീതിയില്ല. പ്രത്യേകമായ അപേക്ഷയും ലഭിക്കാറില്ല. തങ്ങളുടെ മുന്നിൽ വരുന്ന അപേക്ഷ പരിഗണിച്ച് സർക്കാർ തന്നെയാണ് ലൈസൻസ് നൽകുന്ന രീതിയാണ് തുടർന്നുവരുന്നത്. പത്രപരസ്യം നൽകിയില്ല എന്നാണ് ആരോപണമെങ്കിൽ മുൻകാല കോൺഗ്രസ് നേതാക്കളും അതിൽ പെടുമെന്ന് ഓർക്കുന്നതും നല്ലതാണ്. സർക്കാറിനെതിരെ ജനങ്ങളെ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം ഒരു വകുപ്പിന് കീഴിൽ സ്ഥാപനം അനുവദിക്കാൻ മന്ത്രിസഭ യോഗത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News