Sorry, you need to enable JavaScript to visit this website.

ട്രംപ് പെട്ടു; സമ്പത്ത് വാരിക്കൂട്ടിയത് ശുദ്ധ തട്ടിപ്പിലൂടെ, അന്വേഷണം ആരംഭിച്ചു

വാഷിങ്ടണ്‍- കോടിക്കണക്കിന് ഡോളറിന്റെ നികുതി വെട്ടിച്ചും ശുദ്ധ തട്ടിപ്പു നടത്തിയുമാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സമ്പത്ത് വാരിക്കൂട്ടിയതെന്ന് വിവിധ രേഖകള്‍ സഹിതം ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപോര്‍ട്ട്. തന്റെ സമ്പത്ത് ബിസിനസിലൂടെ സ്വന്തമായി ഉണ്ടാക്കിയതാണെന്നും ബിസിനസു കാരനായ അച്ഛനില്‍ നിന്നും കാര്യമായി ഒന്നും അനന്തരാവകാശമായി ലഭിച്ചിട്ടില്ലെന്നും ട്രംപിന്റെ മുന്‍ അവകാശ വാദങ്ങളെ പൊളിച്ചടുക്കിയാണ് പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നികുതി വെട്ടിപ്പു വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തു വന്നതോടെ ന്യൂയോര്‍ക്ക് നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. 

ന്യൂയോര്‍ക്കില്‍ വലിയ റിയല്‍ എസ്റ്റേറ്റ് വ്യവസായിരുന്നു ട്രംപിന്റെ അച്ഛന്‍ ഫ്രെഡ് ട്രംപ്. അച്ഛനു വേണ്ടി ട്രംപ് 1990കളില്‍ സംശയകരമായ പല നികുതി ഇടപാടുകളും ശുദ്ധ തട്ടിപ്പും നടത്തിയതായി വ്യക്തമായെന്ന് നികുതി റിട്ടേണുകളും രഹസ്യ രേഖകളും പരിശോധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപോര്‍ട്ട്. ഈ ഇടപാടുകളാണ് വന്‍ തോതില്‍ സമ്പത്ത് ട്രംപിന് അനന്തരാവകശാമായി നേടിക്കൊടുത്തത്. അച്ഛനില്‍ നിന്നും തനിക്ക് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സമ്പത്തെല്ലാം ബിസിനസ് ചെയ്ത് നേടിയെടുത്തതാണെന്നുമായിരുന്നു ട്രംപ് പലപ്പോഴും അവകാശപ്പെട്ടു വരുന്നത്.

ഇന്നത്തെ മൂല്യമനുസരിച്ച് 413 ദശലക്ഷം ഡോളറിനു തുല്യമായ സമ്പത്ത് അച്ഛന്റെ റിയല്‍ എസ്്‌റ്റേറ്റ് ബിസിനസില്‍ നിന്ന് ട്രംപ് സ്വമാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് പറയുന്നു. ട്രംപ് കോളെജില്‍ നിന്ന് ബിരുദം കഴിഞ്ഞിറങ്ങിയ ശേഷം പ്രതിവര്‍ഷം 10 ലക്ഷം ഡോളറിനു തുല്യമായ തുക അച്ഛന്റെ ബിസിനസില്‍ നിന്നും ലഭിച്ചിരുന്നു. വര്‍ഷം തോറും ഈ സംഖ്യ ഉയര്‍ന്നു. 50 വയസ്സിലെത്തിയപ്പോഴേക്കും ഈ വാര്‍ഷിക വരുമാനം 50 ലക്ഷം ഡോളറിനു മുകളിലെത്തി.

ഈ പണം ട്രംപിന്റെ കൈകളിലെത്തിയത് അദ്ദേഹം മാതാപിതാക്കള്‍ക്കു വേണ്ടി ചെയ്ത നികുതി വെട്ടിപ്പുകളും ത്ട്ടിപ്പുകളിലൂടെയുമാണെന്നും റിപോര്‍്ട്ട് ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളറുകള്‍ സമ്മാനമായി സ്വീകരിക്കാന്‍ സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ട്രംപ് ഒരു കടലാസു കമ്പനി തുടങ്ങി. അര്‍ഹതയില്ലാത്ത നികുതി ഇളവുകള്‍ നേടിയെടുക്കാന്‍ ട്രംപ് അച്ഛനെ സഹായിച്ചു. കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസനസിന്റെ മൂല്യം കുറച്ചു കാണിക്കാന്‍ നികുതി രേഖകളില്‍ തിരിമറി നടത്തി. ഇതു വഴി കോടിക്കണക്കിന് ഡോളറിന്റെ നികുതി ഇളവുകള്‍ അനധികൃതമായി നേടിയെടുത്തു. ട്രംപിന്റെ മാതാപിതാക്കളായ ഫ്രെഡും മേരിയും ചേര്‍ന്ന് തങ്ങളുടെ അഞ്ചു മക്കള്‍ക്ക് 100 കോടി ഡോളറിലെ സമ്പാദ്യം കൈമാറിയിരുന്നതായും ടൈംസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്രയും തുകയ്ക്ക് ആനുപാതികമായി 55 കോടി ഡോളര്‍ നികുതി നിയമപ്രകാരം അടക്കേണ്ടതാണ്. എന്നാല്‍ ട്രം പ് സഹോദരങ്ങള്‍ അടച്ചത് വെറും 5.2 കോടി ഡോളര്‍ മാത്രമാണെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 

ഈ റിപോര്‍ട്ട് തീര്‍ത്തും തെറ്റാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ചാള്‍സ് ജെ. ഹാര്‍ഡര്‍ പ്രതികരിച്ചു. അതേസമയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണം നടത്തുമെന്നും ന്യൂയോര്‍ക്ക് നികുതി വകുപ്പ് വക്താവ് ജെയിംസ് ഗസാല്‍ പറഞ്ഞു.
 

Latest News