കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) ഏറ്റെടുത്തു. കമാൻഡൻഡ് എം.കെ. ധനരാജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള 44 അംഗ സംഘമാണ് ചുമതലയേറ്റത്. വിമാനത്താവളത്തിന്റെ പൂർണ സുരക്ഷ ഈ മാസം 15 മുതലാണ് സി.െഎ.എസ്.എഫ് ഏറ്റെടുക്കുന്നത്.
കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ക്യാമ്പിലാണ് സംഘം താമസിക്കുന്നത്. സുരക്ഷക്കായി സി.ഐ.എസ്.എഫ് 634 പേരെയാണ് നിയോഗിക്കുക. ആദ്യ ബാച്ച് വിമാനത്താവളത്തിലെ എല്ലാ കേന്ദ്രങ്ങളും പരിശോധിച്ചു. മുംബൈ, കോയമ്പത്തൂർ, കൊൽക്കത്ത, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോഴത്തെ സംഘമെത്തിയത്. ഇമിഗ്രേഷൻ വിഭാഗത്തിൽ 145 പേരും കസ്റ്റംസിൽ 78 പേരുമാണ് സുരക്ഷാ ചുമതലയിലുണ്ടാവുക.
കഴിഞ്ഞ വർഷം വിജയനഗര, ഷിർദി പോലുള്ള ചെറു വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല സി.െഎ.എസ്.എഫ് ഏറ്റെടുത്തിരുന്നു. രാജ്യത്ത് 60 എയർപോർട്ടുകളുടെ സുരക്ഷാ ചുമതല സി.െഎ.എസ്.എഫിനാണ്. പദ്ധതി പ്രദേശത്ത് സി.െഎ.എസ്.എഫിനായി 6192 ചതുരശ്ര അടി വിസ്തീർണത്തിൽ ബാരക്ക് നിർമ്മിക്കുന്നുണ്ട്. അഞ്ചു നിലകളിലായി നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ സിംഗിൾ, ഡബിൾ റൂമുകളും 356 കിടക്കകളുള്ള ഡോർമിട്രിയും സജ്ജമാക്കും. ഇതിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.െഎ.എസ്.എഫിനു പുറമെ, എയർപോർട്ട് പോലീസ് സ്റ്റേഷനും അടുത്തു തന്നെ പ്രവർത്തനം ആരംഭിക്കും. പാസഞ്ചർ ടെർമിനലിനു സമീപം നിർമ്മാണ കമ്പനി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാവും പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുക.
അതിനിടെ, കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വാണിജ്യ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കൽ ഇന്നലെ നടന്നു. ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ പരിശോധിക്കാനുള്ള നടപടിയാണിത്. നേരത്തെ രണ്ടു തവണ നടത്തിയ പരീക്ഷണ പറക്കലുകൾ വിജയകരമായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ബോയിംഗ് 737- 800 വിമാനം കണ്ണൂർ വിമാനത്താവലത്തിനു മുകളിൽ വട്ടമിട്ടു പറക്കുകയും പിന്നീട് റൺവേയിൽ ഇറക്കാതെയുമാണ് പരീക്ഷണ പറക്കൽ നടത്തിയത്.
റൺവേയ്ക്കു മുകളിലൂടെ പല തവണ പറന്ന് മിസ്ഡ് അപ്രോച്ച് ഐ.എ.പിയുടെ കൃത്യത ഉറപ്പാക്കി. ഐ.എ.പി വിജയകരമായി പൂർത്തിയാക്കി റിപ്പോർട്ടു സമർപ്പിച്ചാൽ മാത്രമേ അന്തിമ ലൈസൻസ് ലഭ്യമാകൂ. ഡിസംബർ ആറിനു പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ (എ.െഎ.പി) പ്രസിദ്ധീകരിച്ചത്. ഒക്‌ടോബർ 11 നു തന്നെ എയർപോർട്ട് അതോറിറ്റി എ.െഎ.പി പ്രസിദ്ധീകരിച്ചാൽ മാത്രമേ ഡിസംബർ ആറ് മുതൽ പ്രാബല്യം ലഭിക്കൂ.
ഏത് കാലാവസ്ഥയിലും രാത്രിയും പകലും വിമാനം ഇറങ്ങുന്ന വിധത്തിലാണ് കണ്ണൂർ വിമാനത്താവളം സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ രാത്രി കാല പരീക്ഷണ പറക്കലും നടത്തേണ്ടതുണ്ട്. ഇത് വരും ദിവസങ്ങളിൽ നടത്തും.