ജിദ്ദ - മത്സ്യബന്ധന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിൽ വിവേചനമുള്ളതായി ബോട്ട് ഉടമകളുടെ പരാതി. മത്സ്യബന്ധനത്തിനു വേണ്ടി കടലിൽ പോകുന്ന മുഴുവൻ ബോട്ടുകളിലും വിദേശ തൊഴിലാളികളെ അനുഗമിച്ച് ഒരു സൗദി ജീവനക്കാരൻ വീതം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കഴിഞ്ഞ തിങ്കളാഴ്ച മുതൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, അതിർത്തി സുരക്ഷാ സേന, മാനവ ശേഷി വികസന നിധി, കാർഷിക വികസന നിധി, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ തുടങ്ങി വിവിധ വകുപ്പുകൾ സഹകരിച്ചാണ് മത്സ്യബന്ധന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നത്. മക്ക, അസീർ പ്രവിശ്യകളിൽ സൗദി ജീവനക്കാരില്ലാതെ ബോട്ടുകൾ കടലിൽ പോകുന്നത് ബന്ധപ്പെട്ട വകുപ്പുകൾ കർശനമായി വിലക്കുന്നുണ്ട്. എന്നാൽ കിഴക്കൻ പ്രവിശ്യയിലും ജിസാനിലും സൗദി ജീവനക്കാരില്ലാതെ ബോട്ടുകൾക്ക് കടലിൽ ഇറങ്ങാൻ സാധിക്കുന്നു.
മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അതേസമയം, ഉടനടി സൗദിവൽക്കരണം നടപ്പാക്കുന്ന ബോട്ട് ഉടമകൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്നും സൗദിവൽക്കരണം നടപ്പാക്കുന്നതിന് സാധിക്കാത്തവർക്ക് ആറു മാസം വരെ സാവകാശം അനുവദിക്കുന്നുണ്ടെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് അൽഇയാദ പറഞ്ഞു. സൗദിവൽക്കരണം നടപ്പാക്കുന്നതിന് എൻജിൻ പുറത്തുള്ള ബോട്ടുകൾക്ക് നാലു മാസം വരെയും എൻജിൻ അകത്തുള്ള ബോട്ടുകൾക്ക് ആറു മാസം വരെയുമാണ് സാവകാശം നൽകുന്നത്. ഇതിനകം സൗദിവൽക്കരണം നടപ്പാക്കുമെന്നതിന് ബോട്ട് ഉടമകൾ രേഖാമൂലം ഉറപ്പ് നൽകണമെന്ന് വ്യവസ്ഥയുണ്ട്.
സൗദി ജീവനക്കാരില്ലാത്ത മത്സ്യബന്ധന ബോട്ടുകൾ വിലക്കുന്നതിന് ചില പ്രവിശ്യകളിലെ അതിർത്തി സുരക്ഷാ സേനക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഔദ്യോഗികമായി വിവരം ലഭിക്കാത്തതിനാൽ സൗദികളില്ലാത്ത ബോട്ടുകൾ വിലക്കുന്നതിന് അതിർത്തി സുരക്ഷാ സേനക്ക് സാധിക്കില്ല. എന്നാൽ മറ്റു ചില പ്രവിശ്യകളിൽ സൗദിവൽക്കരണ തീരുമാനം അതിർത്തി സുരക്ഷാ സേനയെ ബന്ധപ്പെട്ട വകുപ്പുകൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പ്രധാന പ്രവിശ്യകളിൽ മത്സ്യ വില കുതിച്ചുയരുന്നതും മത്സ്യക്ഷാമമുണ്ടാകുന്നതും ഒഴിവാക്കുന്നതിന് ചില പ്രവിശ്യകളിൽ മാത്രമായി സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങുകയാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം, സൗദിയിലെ എല്ലാ പ്രവിശ്യകളിലും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ സമാനമാണെന്ന് മക്ക പ്രവിശ്യ ഫിഷർമെൻ സൊസൈറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽശുവൈകി പറഞ്ഞു. ചില പ്രവിശ്യകളിൽ സൗദിവൽക്കരണം നടപ്പാക്കുകയും മറ്റു ചില പ്രവിശ്യകളിൽ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് നീതിയല്ല. മറ്റു പ്രവിശ്യകളിൽ നിന്ന് വിഭിന്നമായി, മക്ക, അസീർ പ്രവിശ്യകളിൽ സൗദികളില്ലാത്ത ബോട്ടുകൾ കടലിൽ ഇറങ്ങുന്നത് വിലക്കുന്നത് ആശ്ചര്യകരമാണ്. സൗദിവൽക്കരണം നിർബന്ധമാക്കിയതു മൂലം മക്ക പ്രവിശ്യയിൽ വരും ദിവസങ്ങളിൽ മത്സ്യക്ഷാമം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം വിലയും കുതിച്ചുയരും. ജിസാനിൽ നിന്ന് വലിയ തോതിൽ മത്സ്യം മക്ക പ്രവിശ്യയിൽ എത്തുന്നുണ്ടെന്ന് ഖാലിദ് അൽശുവൈകി പറഞ്ഞു.
അസീർ പ്രവിശ്യയിൽ 350 മത്സ്യബന്ധന ബോട്ടുകളുണ്ട്. സൗദി ജീവനക്കാരെ ലഭ്യമാക്കുന്നതിന് സാധിച്ച രണ്ടു ബോട്ടുകൾക്കു മാത്രമാണ് കടലിൽ ഇറങ്ങുന്നതിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയതെന്ന് അസീർ അൽബിർകിലെ മത്സ്യത്തൊഴിലാളി കാരണവർ മുഹമ്മദ് അൽഹിലാലി പറഞ്ഞു. സൗദി മത്സ്യത്തൊഴിലാളികളെ ലഭ്യമാക്കുക ദുഷ്‌കരമാണ്. സൗദി ജീവനക്കാരെ കണ്ടെത്തുന്നതിന് തങ്ങൾ കഠിന പ്രയത്‌നം നടത്തിയെങ്കിലും വിജയിച്ചില്ല. സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള മന്ത്രാലയ തീരുമാനത്തിന് മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർ എതിരല്ല. എന്നാൽ ബോട്ടുകളിൽ ജോലി ചെയ്യുന്നതിന് സന്നദ്ധരായ സൗദികളെ കിട്ടാനില്ലാത്തതിനാൽ സൗദിവൽക്കരണം ഒരിക്കലും നടപ്പാക്കാൻ കഴിയില്ല. അഞ്ചു ദിവസം വരെ വീട്ടിൽ നിന്ന് മാറിനിന്ന് നടുക്കടലിൽ പൊരിവെയിലത്ത് ജോലി ചെയ്യാൻ സൗദികൾ ആഗ്രഹിക്കുന്നില്ല. പ്രയാസരഹിതരമായ ജോലികളാണ് സൗദികൾ ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് അൽഹിലാലി പറഞ്ഞു.
ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും മറ്റുമാണ് അധിക പേരും ഈ മേഖലയിൽ പ്രവർത്തിക്കുന്നതെന്ന് ജിദ്ദക്കു സമീപം തുവലിലെ മത്സ്യത്തൊഴിലാളി കാരണവർ ഹുമൈദ് അൽഹുമൈദ് പറഞ്ഞു. ഈ മാസം ഒന്നു മുതലാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങിയത്. സൗദികളില്ലാതെ ബോട്ടുകൾ കടലിൽ ഇറങ്ങുന്നത് അധികൃതർ വിലക്കാൻ തുടങ്ങിയിട്ടുണ്ട്. നിത്യജീവിതം പോലും പ്രതിസന്ധിയിലാക്കുന്ന നിലക്ക് ഉടലെടുക്കുന്ന സാമ്പത്തിക പ്രയാസം തങ്ങളെ കേസുകളിൽ കുടുക്കുമെന്നും ഹുമൈദ് അൽഹുമൈദ് പറഞ്ഞു.






