കാഞ്ഞങ്ങാട് - ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ഹൊസ്ദുർഗ് കടപ്പുറത്തു പ്രകടനം നടന്നു. പ്രകടനം നടത്തിയവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രകടനം നടത്താൻ പൊലീസിന്റെ അനുവാദം വാങ്ങിയിരുന്നില്ല. കഴിഞ്ഞ രാത്രി എട്ട് മണിയോടെ ആണ് ചില ഹിന്ദു സംഘടനകളുടെ പ്രവർത്തകർ പ്രകടനം നടത്തിയത്.
ഹൊസ്ദുർഗ് കടപ്പുറത്ത് നിന്നും ആരംഭിച്ചു പുഞ്ചാവി കടപ്പുറം വരെ പോയി തിരിച്ചു വന്ന പ്രകടനക്കാർ വിധി പറഞ്ഞ കോടതിയെ വിമർശിച്ചു. ഇതേ തുടർന്നാണ് 30 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. കടപ്പുറത്തെ രജീഷ്, ബാലൻ, രാഹുൽ, കുഞ്ഞികൃഷ്ണൻ തുടങ്ങിയവർക്ക് എതിരെ ആണ് കേസ്. ഇവർ ഹിന്ദു ഐക്യവേദിയുടെ ആളുകൾ ആണെന്ന് പൊലീസ് പറഞ്ഞു.