റിയാദ് - സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും യെമൻ കേന്ദ്ര ബാങ്കിന് 75 കോടി റിയാൽ (20 കോടി ഡോളർ) സംഭാവന നൽകുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു. സ്ഥിരത കൈവരിക്കുന്നതിന് യെമൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനും യെമൻ കറൻസിയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സഹായം നൽകിയത്. യെമൻ ജനതയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് നേരത്തെ യെമൻ കേന്ദ്ര ബാങ്കിൽ സൗദി അറേബ്യ 300 കോടി ഡോളർ നിക്ഷേപിച്ചിരുന്നു. യെമനിൽ സുരക്ഷാ ഭദ്രതയും സമാധാനവും വീണ്ടെടുക്കുന്നതിനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് സാഹചര്യമൊരുക്കുന്നതിനും യെമൻ ഗവൺമെന്റിന് പിന്തുണ നൽകുന്നത് തുടരുമെന്നും ഇതിന്റെ ഗുണം യെമനി പൗരന്മാർക്ക് ലഭിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.






