റിയാദ് - ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതിന് ഏതാനും മരുന്നുകളുടെ രജിസ്‌ട്രേഷൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി റദ്ദാക്കി. ഈ മരുന്നുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് മരുന്ന് ഏജൻസികളോട് അതോറിറ്റി ആവശ്യപ്പെട്ടു. നിലവിൽ സ്റ്റോക്കുള്ള ഈ മരുന്നുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യ സ്ഥാപനങ്ങളോടും അതോറിറ്റി ആവശ്യപ്പെട്ടു. ജോർദാനിയൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ് കമ്പനി നിർമിക്കുന്ന ആൻജിയോടെക് 5 എം.ജി, 10 എം.ജി, 20 എം.ജി ടാബ്‌ലറ്റുകൾ, സൗദി-ജപ്പാൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി (സജാ ഫാർമസ്യൂട്ടിക്കൽസ്) നിർമിക്കുന്ന ലിപോമാക്‌സ് 10 എം.ജി, 20, എം.ജി, 40 എം.ജി ടാബ്‌ലറ്റുകൾ, ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് മാനുഫാക്ചറേഴ്‌സ് (ജൽഫാർ) നിർമിക്കുന്ന ഡയോലാൻ 500 എം.ജി ടാബ്‌ലറ്റ്, ഗ്ലൈമൈഡ് 5 എം.ജി ടാബ്‌ലറ്റ് എന്നിവയുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഈ മരുന്നുകളുടെ അതേ ഉള്ളടക്കങ്ങൾ അടങ്ങിയ ബദൽ മരുന്നുകൾ ലഭ്യമാണ്. ബദൽ മരുന്നുകളെ കുറിച്ച് അറിയുന്നതിന് ചികിത്സിക്കുന്ന ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ സമീപിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് 8002490000 എന്ന ടോൾഫ്രീ നമ്പറിലോ ഏകീകൃത നമ്പറായ 19999 എന്ന നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെട്ടോ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെബ്‌സൈറ്റ് ലിങ്കിൽ ബന്ധപ്പെട്ടോ നാഷണൽ ഫാർമകോവിജിലൻസ് സെന്ററിനെ അറിയിക്കണമെന്ന് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.