യാത്രക്കാരായി ചമഞ്ഞ് 53 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ട് ഗോ എയര്‍ ജീവനക്കാര്‍ അറസ്റ്റില്‍

ന്യുദല്‍ഹി- ബജറ്റ് വിമാനക്കമ്പനിയായ ഗോ എയറില്‍ മുതിര്‍ന്ന ജീവനക്കാരായ രണ്ടു പേരെ ദല്‍ഹി പോലീസ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 53 മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ചതിനാണ് ഇവരെ പിടികൂടിയത്. കാര്‍ഗോ വിഭാഗത്തിലെ പെട്ടികള്‍ ഇറക്കുന്ന ചുമതലയുള്ള സീനിയര്‍ റാംപ് ഓഫീസര്‍മാരായ സചിന്‍ മാന്‍ദേവ് (30), സതീഷ് പാല്‍ (40) എന്നിവരാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇവര്‍ ഗോ എയര്‍ ജീവനക്കാരാണ്. മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി ഇവര്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ ഇടുകയും ശേഷം യാത്രക്കാരെ പോലെ അറൈവല്‍ ടെര്‍മിനലിലെത്തി ഈ ബാഗെടുത്ത് കൂളായി പുറത്തിറങ്ങുകയുമായിരുന്നു. കാര്‍ഗോ കമ്പനി മാനേജര്‍ നല്‍കിയ പരാതിയില്‍ സെപ്തംബര്‍ 19നാണ് പോലീസ് കേസെടുത്തത്. പട്‌നയില്‍ നിന്നും ദല്‍ഹിയിലെത്തിയ ഗോ എയര്‍ ജി8-229 വിമാനത്തില്‍ 53 മൊബൈല്‍ ഫോണുകളടങ്ങിയ പെട്ടി ദല്‍ഹിയിലെത്തിയിട്ടുണ്ടെന്ന് കാര്‍ഗോ കമ്പനി മാനേജര്‍ പരാതിയില്‍ പറയുന്നു. താന്‍ അയച്ച 30 ബാഗുകള്‍ മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും ഒന്ന് കാണാതായെന്നും അദ്ദേഹം പരാതിപ്പെട്ടു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ഗോ ഏരിയയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പിന്നീട് മോഷണം പോയ മൊബൈല്‍ ഫോണുകള്‍ ദിവസങ്ങളോളം ട്രാക്ക് ചെയ്തതോടെയാണ് വിമാന കമ്പനി ജീവനക്കാര്‍ വലയിലായത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഉപയോഗിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്്. ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് ഇവരിലെത്തിയത്. ഇരുവരേയും പിടികൂടി ചോദ്യം ചെയ്‌തോടെ കുറ്റം സമ്മതിച്ചു. കാര്‍ഗോയില്‍ നിന്നെടുത്ത ബാഗ് കണ്‍വെയര്‍ ബെല്‍റ്റിലൂടെ പുറത്തെത്തിച്ച വിധവും ഇവര്‍ വിശദീകരിച്ചു. ഇരുവരുടെ വീടുകളില്‍ നടത്തിയ തിരച്ചലില്‍ എട്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ചു ഫോണുകള്‍ വിറ്റതായും പ്രതികള്‍ സമ്മതിച്ചു.
 

Latest News