കരുവാരകുണ്ട്- കോൺഗ്രസുമായി ചേർന്ന് ഇടതു മുന്നണി അടവു നയത്തിലൂടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ നേടിയ ഭരണം യു.ഡി.എഫ് ഒന്നിച്ചതോടെ ഇടതു മുന്നണിക്ക് നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഠത്തിൽ ലത്തീഫിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അഞ്ചിനെതിരെ 15 വോട്ടുകൾക്കാണ് പാസായത്. പഞ്ചായത്തിൽ യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിച്ചതാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെടാൻ കാരണമായത്. വൈസ് പ്രസിഡന്റായിരുന്ന സി.കെ.ബിജിനക്കും സ്ഥാനം നഷ്ടമായി.
21 വാർഡുകളുള്ള കരുവാരകുണ്ട് പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം അഞ്ചു സീറ്റുകൾ മാത്രം നേടിയ ഇടതുപക്ഷം കോൺഗ്രസുമായി അടവു നയത്തിലൂടെ ഭരണത്തിലെത്തുകയായിരുന്നു. മുസ്്‌ലിം ലീഗുമായുള്ള ഭിന്നതയെ തുടർന്ന് കോൺഗ്രസിലെ ഏഴ് അംഗങ്ങൾ ഇടതുപക്ഷത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ യു.ഡി.എഫ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ചർച്ചകളുടെ ഫലമായി കോൺഗ്രസും ലീഗും ഒന്നിച്ചതോടെയാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെ വോട്ടിനിട്ടപ്പോൾ പ്രമേയത്തെ അനുകൂലിച്ച് 15 പേർ വോട്ടു ചെയ്തു. ഒരു കോൺഗ്രസ് അംഗം ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് യോഗത്തിനെത്തിയിരുന്നില്ല. വൈസ് പ്രസിഡന്റ് സി.കെ ബിജിനക്കെതിരായ അവിശ്വാസവും അഞ്ചിനെതിരെ 15 വോട്ടുകൾക്ക് പാസായി. കാളികാവ് ബി.ഡി.ഒ പി.കേശവദാസിന്റെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. 20 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്. പനഞ്ചോല വാർഡ് അംഗവും കോൺഗ്രസ് പ്രതിനിധിയുമായ പി.ശശിധരൻ അനാരോഗ്യം മൂലം പങ്കെടുത്തില്ല. യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിച്ചതിന് പുറമെ ഇടതു ഭരണ സമിതിക്ക് ജനോപകാര പ്രദമായ രീതിയിലുള്ള ഭരണം നടത്താൻ സാധിക്കാത്തതും അവിശ്വാസ പ്രമേയത്തിന് കാരണമായെന്നും ലീഗ് നേതാക്കൾ പറഞ്ഞു. എല്ലാ അഭിപ്രായ ഭിന്നതയും മറന്നുള്ള പ്രവർത്തനം നടത്തിയാൽ യു.ഡി.എഫിന് ഭാവിയിൽ ഏറെ നേട്ടം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വവും അഭിപ്രായപ്പെട്ടു. ഭരണസമിതിയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബാ പള്ളിക്കുത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ഒക്ടോബർ നാലിനാണ് ചർച്ചക്കെടുക്കുക.