തൊടുപുഴ- സി. പി. എം ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്.ഡി.പി.ഐക്കാർക്ക് സ്റ്റേഷനിൽ അമിത പരിഗണന നൽകിയതിന് മൂന്നു പോലീസുകാർക്ക് സസ്‌പെൻഷൻ. പോലിസ് സ്റ്റേഷനിൽ നമസ്‌ക്കരിക്കുന്നതിനും വിശ്രമിക്കുന്നതിനുമുളള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതിനാണ് തൊടുപുഴ സ്റ്റേഷനിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ മാഹീൻ, റൈറ്റർ ഷിജു, നൗഷാദ് എന്നീ പോലിസുകാരെ സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് സി. പി. എം ഓഫീസ് അക്രമിച്ചതിന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായത്. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പോപുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസിനും പിന്നീട് സി. പി. എം ഏരിയാ കമ്മിറ്റി ഓഫീസിനും നേരെ അക്രമണമുണ്ടായിരുന്നു. സ്റ്റേഷനിൽ എസ് .ഡി .പി. ഐക്കാർക്ക് അമിത പരിഗണന ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.