അവിഹിതം ആരോപിച്ച് യുവതിയേയും അമ്മാവനേയും കെട്ടിയിട്ട് മര്‍ദിച്ചു

ബഹ്‌റൈച്ച്- ഉത്തര്‍പ്രദേശില്‍ അവിഹിത ബന്ധം സംശയിച്ച് യുവതിയേയും ഭര്‍ത്താവിന്റെ അമ്മാവനേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ നാല് പേരെ നവാബ്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഇനി അഞ്ച് പേരെ പിടികിട്ടാനുണ്ട്.
സത്തിജോര്‍ ഗ്രാമത്തില്‍ ഈ മാസം 25-ന് നടന്ന മര്‍ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഷഹാബുദ്ദീന്‍ നല്‍കിയ പരാതിയില്‍ ഉസ്്മാന്‍ എന്നയാളടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സംഭവ ദിവസം തന്റെ അമ്മാവന്‍ റിസ്്‌വാന്‍ വീടിനു പുറത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഷഹാബുദ്ദിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ വീടിനകത്താണ് ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. ഫോണ്‍ എടുക്കുന്നതിന് റിസ്്‌വാന്‍ മുറിക്കകത്തേക്ക് കയറിയപ്പോള്‍ ഉസ്മാനും മഖ്്ബൂലുമെത്തി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ആളുകള്‍ തടിച്ചു കൂടിയതിനു പിന്നാലെ റിസ്‌വാനേയും ഷഹാബുദ്ദീന്റെ ഭാര്യയേയും വീടിനു പുറത്ത് മരത്തില്‍ ബന്ധിച്ച് തല്ലുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഷഹാബുദ്ദീന്‍ മുംബൈയിലായിരുന്നു. വിവരം അറിയിച്ചതനുസരിച്ച് ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.
ഷഹാബുദ്ദീന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായും പിടികിട്ടാനുള്ള അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എ.എസ്.പി അജയ് പ്രതാപ് പറഞ്ഞു.

 

Latest News