റിയാദ്- ഭൂകമ്പവും സുനാമിയും വൻ നാശം വിതച്ച ഇന്തോനേഷ്യക്ക് സാധ്യമായ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് രാജാവ് സഹായ വാഗ്ദാനം നൽകിയത്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ പേരിൽ രാജാവ് അനുശോചനം അറിയിച്ചു.
ദുരന്തം മറികടക്കുന്നതിന് ഇന്തോനേഷ്യൻ ജനതക്കൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കുന്നതിന് സൽമാൻ രാജാവിന് ഇന്തോനേഷ്യൻ പ്രസിഡന്റ് നന്ദി പറഞ്ഞു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 800 ലേറെ പേർ മരണപ്പെട്ടതായാണ് കണക്ക്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിന് രക്ഷാപ്രവർത്തകരും സൈനികരും ശക്തമായ തിരച്ചിലുകൾ നടത്തിവരികയാണ്.