ബി.ജെ.പി സര്‍ക്കാര്‍ മതവിരുദ്ധമെന്ന്; കമ്പ്യൂട്ടര്‍ ബാബ സഹമന്ത്രി പദവി രാജിവച്ചു

ഭോപാല്‍- മധ്യപ്രദേശില്‍ ആറു മാസം മുമ്പ് സഹമന്ത്രി പദവി ലഭിച്ച ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബ ബി.ജെ.പി സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് പദവി രാജിവച്ചു. ബി.ജെ.പി സര്‍ക്കാര്‍ മത വിരുദ്ധരാണെന്നാണ് ബാബയുടെ പ്രധാന ആരോപണം. നര്‍മദ നദിയിലെ അനധികൃത മണലെടുപ്പ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നെങ്കിലും അദ്ദേഹം തന്റെ വാക്കിന് വിലകല്‍പ്പിച്ചില്ലെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ 53കാരനായ നാംദേവ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബയ്ക്ക് സഹമന്ത്രി പദവി നല്‍കിയത്. ഈ പദവിയില്‍ ഇരുന്നിട്ടും സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ അതൃപ്തിയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പശു മന്ത്രാലയം ആവശ്യമില്ലെന്നും ഗോരക്ഷാ ബോര്‍ഡ് പശു സംരക്ഷണത്തിന് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
 

Latest News