മക്കയും മദീനയും ഒഴികെ സൗദിയിലെവിടെയും പോകാം
റിയാദ്- ലോകത്തെങ്ങും നിന്നുള്ള കാർ റേസ് പ്രേമികൾക്ക് 'ദർഇയ ഇ പ്രി' മത്സരം വീക്ഷിക്കുന്നതിന് 640 റിയാലിന് ഓൺലൈൻ വിസ അനുവദിക്കാൻ തീരുമാനം. 14 ദിവസത്തെ കാലാവധിയുള്ളതാണ് വിസ. ഈ വിസയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മക്കയും മദീനയും ഒഴികെ സൗദിയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാം. ഡിസംബർ 15 ന് ആരംഭിക്കുന്ന മത്സരം മൂന്നു ദിവസം നീണ്ടുനിൽക്കും.
മധ്യപൗരസ്ത്യദേശത്ത് ആദ്യമായാണ് 'ഫോർമുല ഇ' മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തെങ്ങും നിന്നുമുള്ള സ്‌പോർട്‌സ് പ്രേമികൾക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്ന പ്രഥമ കായിക മത്സരവുമാണിത്. മത്സരത്തിന്റെ ടിക്കറ്റ് വിൽപനക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേ പ്ലാറ്റ്‌ഫോം വഴി തന്നെ വിസകളും ലഭിക്കും. ടിക്കറ്റുകൾക്ക് 395 റിയാൽ മുതലാണ് നിരക്ക്. ംംം.വെമൃലസ.മെ/ളീൃാൗഹമല എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്. ഈ സൈറ്റ് വഴി തന്നെയാണ് വിസക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതും. വിദേശങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളിൽ ഒരാൾക്ക് ഒരു ടിക്കറ്റ് വീതമാണ് അനുവദിക്കുക. കാർ റേസ് പ്രേമികളെ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കങ്ങൾ നടത്തിവരികയാണ്.
'ഫോർമുല ഇ' കാർ റേസിനോടനുബന്ധിച്ച് സംഗീത, വിനോദ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. സൗദി അറേബ്യയെ അടുത്തറിയുന്നതിനും രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ നേരിട്ട് വീക്ഷിക്കുന്നതിനും ലോകത്തെങ്ങും നിന്നുള്ളവർക്ക് അവസരമൊരുക്കുന്നതിനാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ സ്‌പോർട്‌സ് അതോറിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയെ കുറിച്ച് അറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗം രാജ്യം നേരിട്ട് സന്ദർശിക്കുകയാണ്. സൗദി അറേബ്യ സന്ദർശിക്കുന്നതിന് എല്ലാവർക്കും അവസരമുണ്ട്. എല്ലാവരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പിന്തുണയില്ലാതെ ഇത്തരമൊരു വലിയ മത്സരം സൗദിയിൽ സംഘടിപ്പിക്കുന്നതിന് സാധിക്കുമായിരുന്നില്ല. ആഗോള തലത്തിൽ ശ്രദ്ധേയമായ വലിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള തുടക്കമാകും 'ഫോർമുല ഇ' കാർ റേസിംഗ് എന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര നഗരമായ ദർഇയ ആണ് 'ഫോർമുല ഇ' മത്സരങ്ങൾക്ക് വേദിയാകുന്നത്. ഈ ചരിത്ര നഗരത്തെ കുറിച്ച് അറിയുന്നതിനും 'ഫോർമുല ഇ' കാർ റേസിംഗ് സ്‌പോർട്‌സ് ടൂറിസ്റ്റുകൾക്ക് അവസരമൊരുക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ദർഇയ ഇടം നേടിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയും പാസ്‌പോർട്ട് കോപ്പിയും സമർപ്പിക്കുന്നവർക്ക് വിദേശ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിക്കും. മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് ഫീസ് അടക്കുന്നവർക്ക് ഇ-മെയിലിൽ വിസ ലഭിക്കും. വിസയുടെ പ്രിന്റൗട്ട് ഉപയോഗിച്ച് സന്ദർശകർക്ക് സൗദിയിൽ പ്രവേശിക്കാം.
സൗദി അറേബ്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യങ്ങളും ആചാരങ്ങളും അടുത്തറിയുന്നതിന് നിരവധി രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ എത്തുമെന്ന് 'ഫോർമുല ഇ' കാർ റേസിംഗ് സംഘാടക കമ്മിറ്റി സെക്രട്ടറി ജനറൽ ഹൈഫാ ബിൻത് മുഹമ്മദ് രാജകുമാരി പറഞ്ഞു.