റിയാദ് - സ്വകാര്യമേഖലയിൽ കൂടുതൽ സൗദികൾക്ക് ജോലി നൽകാൻ ലക്ഷ്യമിട്ടുള്ള സൗദിവത്കരണ പ്രഖ്യാപനം പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. നേരത്തെയുള്ള മേഖലകൾക്ക് പുറമെ, മലയാളികൾ അടക്കമുള്ള നൂറു കണക്കിന് പ്രവാസികൾ നേരിട്ട് ഇടപെടുന്ന തൊഴിലിടങ്ങളിലേക്കാണ് പുതിയ സൗദിവത്കരണം ലക്ഷ്യമിടുന്നത്. റസ്‌റ്റോറന്റ്, കോഫി ഷോപ്പ്, കോൺട്രാക്ടിംഗ്, ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യം, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്താനാണ് പുതിയ പദ്ധതി. റസ്റ്റോറന്റ് എന്നത് മുഴുവൻ ഹോട്ടലുകളും ബൂഫിയകളും ഉൾപ്പെടുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ മൂന്നുമാസത്തിനകം വ്യക്തതയുണ്ടാകുമെന്ന് അധികൃതർ മലയാളം ന്യൂസിനോട് പറഞ്ഞു. സ്വകാര്യമേഖലയിൽ കൂടുതൽ സൗദിവത്കരണം ലക്ഷ്യമിട്ട് 68 പദ്ധതികളാണ് ഇന്നലെ തൊഴിൽ സാമൂഹിക മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പ്രഖ്യാപിച്ചത്. ഇതിൽ പലതും പ്രവാസികളെ നേരിട്ട് ബാധിക്കുന്നതുമാണ്.
നിലവിലുള്ള സ്വദേശിവത്കരണ നയങ്ങൾ കാരണം പതിനായിരകണക്കിന് പ്രവാസികൾക്കാണ് ജോലി നഷ്ടമായത്. ഇതിൽ പലരും പിന്നീട് ഭക്ഷ്യമേഖലകളിലേക്ക് തിരിയുകയായിരുന്നു. അതിലേറെ പേർ നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇതിനിടെയാണ് ഭക്ഷ്യവിതരണ മേഖലയെ കൂടി ലക്ഷ്യമിട്ട് പുതിയ സൗദിവത്കരണം അധികൃതർ പ്രഖ്യാപിക്കുന്നത്. പെട്രോൾ പമ്പുകളിൽ അടക്കം പ്രവർത്തിക്കുന്ന കോഫി ഷോപ്പുകൾ, റസ്റ്റോറന്റുകൾ എന്നിവടങ്ങളിലെല്ലാം സൗദിവത്കരണവുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആരോഗ്യ, റിയൽ എസ്‌റ്റേറ്റ് മേഖലകളിലേക്കും ഇത് കടന്നുവരുന്നുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും.
സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്ന വിധത്തിൽ വിവിധ പ്രവിശ്യകളിൽ സ്വദേശികൾക്ക് സുസ്ഥിരവും ഫലപ്രദവുമായ തൊഴിലവസരങ്ങൾ വികസിപ്പിക്കുകയെന്നതാണ് പദ്ധതികൾ വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി അൽറാജ്ഹി വ്യക്തമാക്കി. ബന്ധപ്പെട്ട സർക്കാർ, സർക്കാരേതര വകുപ്പുകളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും വ്യാപാര സമൂഹവുമായും കൂടിയാലോചിച്ചാണ് പദ്ധതികൾ രൂപപ്പെടുത്തിയത്. സംരംഭകത്വം ശക്തിപ്പെടുത്താനും തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും സ്വദേശികളുടെ തൊഴിൽ നൈപുണ്യം അഭിവൃദ്ധിപ്പെടുത്താനും ഈ പദ്ധതികൾക്ക് സാധിക്കുമെന്നും വിഷൻ 2030 ലക്ഷ്യമിടുന്ന വിധത്തിൽ ദേശീയ സമ്പത് വ്യവസ്ഥയുടെ ഉയർച്ചക്കും തന്ത്രപരമായ പദ്ധതികളുടെ ആസൂത്രണത്തിനും ഇതു വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യക്തികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഈ പദ്ധതികൾ സ്വദേശി ജീവനക്കാരെ സ്വകാര്യമേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലവസരത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള സാധ്യതകൾ വർധിപ്പിക്കൽ, തൊഴിൽസാഹചര്യവും സേവനങ്ങളുംം മെച്ചപ്പെടുത്തൽ, തീരുമാനങ്ങളെടുക്കുന്നതിൽ തൊഴിലാളികളെ പങ്കെടുപ്പിക്കൽ, തൊഴിൽ മന്ത്രാലയവുമായി സജീവ ബന്ധം സ്ഥാപിക്കൽ, നടപടിക്രമങ്ങൾ സുതാര്യമാക്കൽ എന്നിവയാണ് വ്യക്തികളുമായി ബന്ധപ്പെടുന്ന പദ്ധതികൾ.
സ്വദേശി ബിരുദധാരികൾക്കുും വിദഗ്ധതൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്കുമുള്ള റിക്രൂട്ട് ഓഫീസുകൾ സ്ഥാപിക്കൽ, ഹ്യൂമൻ ഡവലപ്‌മെന്റ് ഫണ്ടിന്റെ ശാഖകൾ വഴി റിക്രൂട്ട്‌മെന്റും തൊഴിൽപരിശീലനവും ഏർപ്പെടുത്തൽ, വനിത തൊഴിലാളികളുടെ യാത്രാസംവിധാനം ക്രമീകരിക്കൽ, തൊഴിൽ സമിതികളുടെ പരിഷ്‌കരണം തുടങ്ങിയവക്ക് സർക്കാർ സഹായം നൽകൽ, മന്ത്രാലയത്തിന്റെ വിദൂര തൊഴിൽ, സ്വതന്ത്ര തൊഴിൽ, തംഹീർ എന്നീ പ്രോഗ്രാമുകൾ ആകർഷണീയമാക്കൽ എന്നിവയും തൊഴിലാളികൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ അനുഗ്രഹമാകും.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടും വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമായുണ്ട്. വിദേശങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റിന് അത്യാവശ്യഘട്ടങ്ങളിൽ തൊഴിൽ വിസകൾ അനുവദിക്കൽ, സ്വദേശിവത്കരണം നടപ്പാക്കിയവർക്ക് പാരിതോഷികം നൽകൽ, നിതാഖാത്ത് പദ്ധതിയിൽ ഗ്രേസ് പിരിയഡ് നടപ്പാക്കൽ, നിതാഖാത്ത് സേവനങ്ങൾ പരിഷ്‌കരിക്കൽ, പ്ലാറ്റിനം പാക്കേജിൽ കൂടുതൽ സേവനങ്ങൾ അനുവദിക്കൽ, പ്രഫഷനുകൾക്ക് നിതാഖാത്ത് നിശ്ചയിക്കൽ, തൊഴിൽ തർക്കങ്ങൾ പരിഹരിക്കൽ, തൊഴിൽ വ്യവസ്ഥകൾ ക്രമീകരിക്കൽ തുടങ്ങിയവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. സ്വദേശികളെ ലഭിക്കാത്ത പ്രൊഫഷനുകളിൽ റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ ലഘൂകരിക്കാനും ഗാർഹിക വേലക്കാരുടെ റിക്രൂട്ട്‌മെന്റ് മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.
തൊഴിൽ സംരംഭകർക്കുള്ള സഹായം വർധിപ്പിക്കൽ, പ്രവിശ്യകൾക്കനുസരിച്ചും മേഖലകൾക്കനുസരിച്ചുമുള്ള സ്വദേശിവത്കരണത്തോത് പരിഷ്‌കരിക്കൽ, വനിതകൾക്ക് ഏകീകൃത രീതിയിൽ തൊഴിൽസാഹചര്യം ഒരുക്കൽ, ഓൺലൈൻ കരാറുകൾ നടപ്പാക്കൽ, റീ എൻട്രിയുടെയും ഫൈനൽ എക്‌സിറ്റിന്റെയും നടപടിക്രമങ്ങൾ സുതാര്യമാക്കൽ, പുതുതായി പഠിച്ചിറങ്ങുന്നവർക്ക് സമാന്തര നിതാഖാത്ത് നടപ്പാക്കൽ തുടങ്ങിയവ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ ഉപകരിക്കും. ആദ്യഘട്ടം അടുത്ത മൂന്നു മാസത്തിനകം ആരംഭിക്കുകയും പിന്നീട് ഘട്ടം ഘട്ടമായി എല്ലാ പദ്ധതികളും നടപ്പാക്കുകയുമാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.