കെജ്‌രിവാളിന്റെ ട്വീറ്റ് വൻ വിവാദമാകുന്നു
ന്യൂദൽഹി- ഉത്തർ പ്രദേശിൽ കോർപറേറ്റ് എക്‌സിക്യൂട്ടീവിനെ പോലീസുകാർ വെടിവെച്ചു കൊന്ന സംഭവത്തിനുപിന്നാലെ ഹിന്ദുക്കളെ സംരക്ഷിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് പ്രതികരിച്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വിറ്റർ കുറിപ്പ് വിവാദമാവുന്നു. ഹിന്ദുവായ വിവേക് തിവാരിയെ അവർ എന്തിനു കൊന്നുവെന്ന് ചോദിച്ച കെജ്‌രിവാൾ, ബി.ജെ.പി നേതാക്കൾ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം സ്വതന്ത്രമായി രക്ഷപ്പെടുകയാണെന്നും കുറിച്ചു. ഹിന്ദുക്കളുടെ ഗുണകാംക്ഷികളല്ല ബി.ജെ.പി എന്ന വസ്തുത കണ്ണു തുറന്ന് കാണൂ, അധികാരം കിട്ടാൻ വേണ്ടി എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കാൻ പോലും അവർ രണ്ടു വട്ടം ആലോചിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്വാഭാവികമായും ബി.ജെ.പി, സംഘ്പരിവാർ അനുകൂലികളിൽനിന്ന് രൂക്ഷമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ കെജ്‌രിവാളിനെതിരെ ഉയർന്നത്. 'വൾച്ചർ കെജ്‌രിവാൾ' എന്ന ഹാഷ്ടാഗിൽ ബി.ജെ.പി അനുകൂലികൾ ട്വിറ്ററിൽ ആരംഭിച്ച പ്രതിഷേധ പോസ്റ്റുകൾ അതിവേഗം പ്രചരിക്കുകയാണ്. കൊല്ലപ്പെട്ട വിവേക് തിവാരിയുടെ വിധവ കൽപന തിവാരിയും കെജ്‌രിവാളിന്റെ പ്രതികരണത്തിനെതിരെ രംഗത്തു വന്നു. താൻ കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നതും ഈ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ചെയ്യരുതെന്നും കൽപന പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ബി.ജെ.പിക്കെതിരെ രൂക്ഷമായാണ് കൽപന പ്രതികരിച്ചത്. താനും ഭർത്താവും സന്തോഷത്തോടെയാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്നും യു.പിയിൽ യോഗി സർക്കാർ അധികാരത്തിൽ വന്നതിൽ ആഹ്ലാദിച്ചവരാണെന്നും പറഞ്ഞ കൽപന, അതേ സർക്കാരിന്റെ പോലീസ് തന്റെ ഭർത്താവിനെ ഒരു കാര്യവുമില്ലാതെ വെടിവെച്ചുകൊല്ലുകയുമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. പോലീസിന്റെ നടപടിയിൽ വ്യാപക ജനരോഷമുയരുന്നതിനിെടയാണ് കെജ്‌രിവാളിന്റെ പ്രതികരണവും അതിൽ പിടിച്ചുള്ള ബി.ജെ.പിയുടെ പ്രതിരോധവും.
വിവേക് തിവാരിയുടെ വസതിയിലെത്തിയ യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയും കെജ്‌രിവാളിനെതിരെ രംഗത്ത ുവന്നു. സംഭവം രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും കുറ്റക്കാരായ രണ്ട് പോലീസുകാരെയും സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്യുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തുവെന്നും മൗര്യ പറഞ്ഞു. ഈ രണ്ട് പേരുടെയും പ്രവൃത്തി പോലീസിന്റെ മൊത്തം സ്വഭാവമായി കാണരുതെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ വാദം.
ബഹുരാഷ്ട്ര കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായ വിവേക് തിവാരിയെ ശനിയാഴ്ച രാവിലെയാണ് ലഖ്‌നൗവിലെ ഗോംതിനഗർ ചെക് പോയന്റിൽ പോലീസ് വെടിവെച്ചു കൊല്ലുന്നത്. വിവേക് സഞ്ചരിച്ച കാർ പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയെന്ന് പറഞ്ഞായിരുന്നു വെടിവെയ്പ്. കാർ ഒരു മോട്ടോർ ബൈക്കിനെ ഇടിക്കുകയും ബൈക്ക് യാത്രക്കാരനു മുകളിലൂടെ കയറാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വെടിവെച്ച പോലീസുകാരൻ പറഞ്ഞു. എന്നാൽ കാറിന് പോലീസ് കൈകാണിച്ചത് തങ്ങൾ കണ്ടതു പോലുമില്ലെന്ന് വിവേകിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
യോഗി സർക്കാരിനു കീഴിൽ ആർക്കു നേരെയും സന്തോഷത്തോടെ കാഞ്ചിവലിക്കാവുന്ന അവസ്ഥയിലാണ് യു.പി പോലീസെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കഴിഞ്ഞയാഴ്ച രണ്ട് മുസ്‌ലിംകളെ പരസ്യമായി യു.പി. പോലീസ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകം നടത്തുന്ന ദൃശ്യം പുറത്തു വന്നിരുന്നു. വിവാദമായപ്പോൾ അവർ കുറ്റവാളികളാണെന്നായിരുന്നു പോലീസിന്റെ ന്യായീകരണം.