റിയാദ് - സൗദി അറേബ്യൻ തൊഴിൽവിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ 68 പദ്ധതികളുമായി തൊഴിൽമന്ത്രാലയം. റെസ്‌റ്റോറന്റ്, കോഫി ഷോപ്പ്, ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യം, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്താനുതകുന്ന പദ്ധതികളാണ് ഇന്ന് തൊഴിൽ സാമൂഹിക മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പ്രഖ്യാപിച്ചത്. റീ എൻട്രിയുടെയും ഫൈനൽ എക്‌സിറ്റിന്റെയും നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതടക്കമുള്ള ഈ പദ്ധതികൾ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ വിശദീകരിച്ചിട്ടില്ലെങ്കിലും അടുത്ത മൂന്നുമാസത്തിനകം ആദ്യഘട്ടം നടപ്പാക്കാനാണ് നീക്കം.
സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്ന വിധത്തിൽ വിവിധ പ്രവിശ്യകളിൽ സ്വദേശികൾക്ക് സുസ്ഥിരവും ഫലപ്രദവുമായ തൊഴിലവസരങ്ങൾ വികസിപ്പിക്കുകയെന്നതാണ് പദ്ധതികൾ വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി അൽറാജ്ഹി വ്യക്തമാക്കി. ബന്ധപ്പെട്ട സർക്കാർ, സർക്കാരേതര വകുപ്പുകളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും വ്യാപാര സമൂഹവുമായും കൂടിയാലോചിച്ചാണ് പദ്ധതികൾ രൂപപ്പെടുത്തിയത്. സംരംഭകത്വം ശക്തിപ്പെടുത്താനും തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും സ്വദേശികളുടെ തൊഴിൽ നൈപുണ്യം അഭിവൃദ്ധിപ്പെടുത്താനും ഈ പദ്ധതികൾക്ക് സാധിക്കുമെന്നും വിഷൻ 2030 ലക്ഷ്യമിടുന്ന വിധത്തിൽ ദേശീയ സമ്പത് വ്യവസ്ഥയുടെ ഉയർച്ചക്കും തന്ത്രപരമായ പദ്ധതികളുടെ ആസൂത്രണത്തിനും ഇതു വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വ്യക്തികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഈ പദ്ധതികൾ സ്വദേശി ജീവനക്കാരെ സ്വകാര്യമേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലവസരത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള സാധ്യതകൾ വർധിപ്പിക്കൽ, തൊഴിൽസാഹചര്യവും സേവനങ്ങളുംം മെച്ചപ്പെടുത്തൽ, തീരുമാനങ്ങളെടുക്കുന്നതിൽ തൊഴിലാളികളെ പങ്കെടുപ്പിക്കൽ, തൊഴിൽ മന്ത്രാലയവുമായി സജീവ ബന്ധം സ്ഥാപിക്കൽ, നടപടിക്രമങ്ങൾ സുതാര്യമാക്കൽ എന്നിവയാണ് വ്യക്തികളുമായി ബന്ധപ്പെടുന്ന പദ്ധതികൾ.
സ്വദേശി ബിരുദധാരികൾക്കുും വിദഗ്ധതൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്കുമുള്ള റിക്രൂട്ട് ഓഫീസുകൾ സ്ഥാപിക്കൽ, ഹ്യൂമൻ ഡവലപ്‌മെന്റ് ഫണ്ടിന്റെ ശാഖകൾ വഴി റിക്രൂട്ട്‌മെന്റും തൊഴിൽപരിശീലനവും ഏർപ്പെടുത്തൽ, വനിത തൊഴിലാളികളുടെ യാത്രാസംവിധാനം ക്രമീകരിക്കൽ, തൊഴിൽ സമിതികളുടെ പരിഷ്‌കരണം തുടങ്ങിയവക്ക് സർക്കാർ സഹായം നൽകൽ, മന്ത്രാലയത്തിന്റെ വിദൂര തൊഴിൽ, സ്വതന്ത്ര തൊഴിൽ, തംഹീർ എന്നീ പ്രോഗ്രാമുകൾ ആകർഷണീയമാക്കൽ എന്നിവയും തൊഴിലാളികൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ അനുഗ്രഹമാകും.






