Sorry, you need to enable JavaScript to visit this website.

ലീഗിന്റെ പിടിയിൽനിന്ന് കുതറാൻ ഇ.കെ വിഭാഗത്തിന്റെ ശ്രമം  

കോഴിക്കോട് -  സ്വതന്ത്രമായ നിലനിൽപ് തേടിയുള്ള സമസ്ത ഇ.കെ വിഭാഗത്തിന്റെ ശ്രമങ്ങൾ മുസ്‌ലിംലീഗ് നേതൃത്വത്തിന് തലവേദനയാകുന്നു. 
ലീഗിന്റെ ചൊൽപടിയിലെ സംഘടനയെന്ന പേര് ദോഷം മാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സമസ്ത നേതാക്കൾ.
മുസ്‌ലിംലീഗിന്റെ പോഷക ഘടകമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ സമസ്ത  രൂപവത്കരിച്ചത്. ഷാബാനു കേസിലെ വിധിയെ തുടർന്ന് മുസ്‌ലിം വ്യക്തിനിയമ പരിഷ്‌കരണ ശ്രമമാരംഭിച്ചപ്പോൾ മുസ്‌ലിം വ്യക്തിനിയമ ബോർഡിന് കീഴിൽ മറ്റു മുസ്‌ലിം സംഘടനകൾക്കൊപ്പം നിന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമസ്തയിലെ വിമത സ്വരം. മുസ്‌ലിം ലീഗാണ് കേരളത്തിൽ വ്യക്തിനിയമ ബോർഡിന്റെ മുന്നിൽ നിന്നത്.
പുതിയ സമസ്ത' രൂപവത്കരിച്ച കാന്തപുരം വിഭാഗം സമ്മർദ്ദ ശക്തിയായിനിന്ന് ഇടതു വലതു മുന്നണികളിൽ നിന്ന് കാര്യങ്ങൾ നേടിയെടുത്തപ്പോൾ ഇ.കെ സമസ്ത ലീഗിനൊപ്പം നിന്നു. പാണക്കാട് കുടുംബത്തിന്റെ നേതൃത്വം അംഗീകരിക്കുന്നുവെന്നായിരുന്നു ലീഗ് ബന്ധത്തിന് കാരണമായി പറഞ്ഞത്.
ഇ.കെ വിഭാഗം സമസ്തക്ക് ഇതിനകം പ്രസിഡന്റുമാരും സെക്രട്ടറിമാരുമായി ഏറെ പേരുണ്ടായി. ഇപ്പോൾ കെ.കെ ആലിക്കുട്ടി മുസ്‌ലിയാരാണ് ജനറൽ സെക്രട്ടറി. പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങളും. 
മുസ്‌ലിംലീഗിലാവട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് പകരം ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുഹമ്മദലി ശിഹാബ് തങ്ങളേക്കാൾ സുന്നി ഇ.കെ വിഭാഗം സംഘടനയുമായി അടുത്ത ബന്ധം പുലർത്തുകയും അതിന്റെ ഭാഗമായിരിക്കുകയും ചെയ്ത ആളാണ് ഹൈദരലി തങ്ങളെങ്കിലും ഇരു സംഘടനകളും തമ്മിലെ ബന്ധം അനുദിനം വഷളാവുകയാണ്.
സമസ്തയിലെ പുതുതലമുറ നേതൃത്വം സ്വതന്ത്രമായ അസ്തിത്വം വേണമെന്ന് ആഗ്രഹിക്കുന്നു. സ്വന്തമായി ദിനപത്രം തുടങ്ങിയ ഇവർ ആദ്യം ലീഗ് മുഖപത്രമായ ചന്ദ്രികയെ തള്ളി. പള്ളികളിൽ ചന്ദ്രിക കലണ്ടറിന് പകരം സുപ്രഭാതം ഇടം പിടിച്ചു.
കേന്ദ്ര, കേരള സർക്കാരുകളുമായി ബന്ധപ്പെട്ട ഏതു കാര്യവും സമസ്ത'നീക്കിയിരുന്നത് ലീഗ് നേതാക്കളിലൂടെയായിരുന്നുവെങ്കിൽ ആ പതിവ് മാറി. മുഖ്യമന്ത്രി പിണറായിയെ സമസ്ത നേതാക്കൾ ഒന്നിലേറെ തവണ കണ്ടത് ലീഗ് നേതാക്കളില്ലാതെയാണ്. പുതിയ ഹജ് കമ്മിറ്റിയുടെ അധ്യക്ഷ പദവി കാന്തപുരം വിഭാഗത്തിന് നൽകിയെങ്കിലും ഇ.കെ വിഭാഗത്തിന് പ്രാതിനിധ്യം നൽകി. ഇടതു സർക്കാരിന്റെ കാലത്ത് ഇ.കെ വിഭാഗത്തെ ഒരിടത്തേക്കും പരിഗണിച്ചിരുന്നില്ല.
കാന്തപുരം വിഭാഗവുമായി ചില ലീഗ് നേതാക്കൾ സഹകരിക്കുന്നതായിരുന്നു ഒരു കാലത്ത് സുന്നി- ലീഗ് അസ്വാരസ്യത്തിന് കാരണമായിരുന്നതെങ്കിൽ ഇപ്പോൾ സുന്നികളുടെ ഐക്യശ്രമമാണ് അകൽച്ചക്ക് ഇടയാക്കുന്നത്. കാരന്തൂർ മർക്കസിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രിമാരായ ലീഗ് നേതാക്കളെ പോലും ഈ വിഭാഗം അനുവദിച്ചില്ല. ഊരുവിലക്കാൻ സുന്നി യുവ നേതൃത്വം മുന്നോട്ടു വന്നു.
മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളുമായി സഹകരിക്കുന്ന ലീഗ് നേതാക്കളെ തോൽപ്പിക്കാൻ വരെ ഇവർ പരസ്യമായി രംഗത്തുവന്നത് ലീഗിന് കടുത്ത പ്രയാസങ്ങളുണ്ടാക്കി. മുസ്‌ലിംലീഗുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് മുജാഹിദ് സംഘടനകൾ. ഇവകളിൽ പ്രവർത്തിക്കുന്ന ലീഗ് നേതാക്കൾക്ക് സുന്നികളായ ലീഗ് പ്രവർത്തകരുടെ പൂർണ പിന്തുണ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ മുജാഹിദ് ആശയക്കാരെ സ്ഥാനാർഥിയാക്കിയാൽ തോൽപിക്കുമെന്ന ഭയം ഉണ്ട്.
ഏറ്റവും ഒടുവിൽ സുന്നി വിഭാഗങ്ങൾ തമ്മിലെ ഐക്യശ്രമമാണ് ലീഗിനെ പ്രയാസത്തിലെത്തിച്ചത്. ഐക്യശ്രമങ്ങൾക്കായി ഇ.കെ വിഭാഗം രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. പ്രമുഖ ലീഗ് നേതാവിന്റെ ഇടപെടലിനെ തുടർന്നാണെന്ന് പറയുന്നു, സാദിഖലി ഐക്യശ്രമത്തിന് മുന്നിൽ നിൽക്കുന്നില്ല. അതേസമയം ഐക്യചർച്ച പുരോഗമിക്കുകയാണ്. ലയനസാധ്യത തെളിഞ്ഞിട്ടില്ലെങ്കിലും സ്ഥാപനങ്ങളുടെ കാര്യത്തിന് തൽസ്ഥിതി തുടരാൻ ധാരണയായിട്ടുണ്ട്. കേസും പ്രശ്‌നങ്ങളും ഒഴിവാക്കണമെന്നും ധാരണയായി.

Latest News