റിയാദ്- സ്വദേശിവത്കരണം നടപ്പിലാക്കിയ പാത്രക്കടകളിലും റെഡിമെയ്ഡ് ഷോപ്പുകളിലും തൊഴിൽ, സാമൂഹിക വികസനമന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സഹകരണത്തോടെ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ 2,111 റെയ്ഡുകളിൽ 207 നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 1586 സ്ഥാപനങ്ങൾ സ്വദേശികളെ നിയമിച്ചപ്പോൾ 255 എണ്ണം മന്ത്രാലയ തീരുമാനം നടപ്പിൽ വരുത്തിയിട്ടില്ലെന്ന് കണ്ടെത്തി. രജിസ്റ്റർ ചെയ്ത നിയമലംഘനങ്ങളിൽ 178 എണ്ണം സ്വദേശികൾക്ക് സംവരണം ചെയ്ത തസ്തികയിൽ വിദേശികളെ നിയമിച്ചതും 29 എണ്ണം ഇതര ക്രമക്കേടുകളുമാണ്. 449 സ്ഥാപനങ്ങൾക്ക് പരിശോധകർ വാണിംഗ് നോട്ടീസ് നൽകി.
സ്വദേശികളായ യുവതിയുവാക്കളെ തൊഴിൽവിപണിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നീ മേഖലകളിൽ സെപ്റ്റംബർ 11 മുതൽ സ്വദേശിവത്കരണം നിർബന്ധമാക്കിയിട്ടുണ്ട്.
ഘട്ടംഘട്ടമായി പുതുതായി 12 മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്പെയർ പാർട്സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും.