Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം: പുതിയ 68 പദ്ധതികളുടെ പ്രഖ്യാപനം ഇന്ന്

റിയാദ് - സൗദിവൽക്കരണം വർധിപ്പിക്കാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 68 പുതിയ പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കും. നിലവിലുള്ള സൗദിവത്കരണത്തിന് പുറമെയാണ് പുതിയ പദ്ധതികൾ കൂടി സൗദി പ്രഖ്യാപിക്കുന്നത്. പുതിയ പ്രഖ്യാപനം പ്രവാസികളെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം. നിലവിലുള്ളതിന് പുറമെ, 68 പദ്ധതികളാണ് സൗദി പ്രഖ്യാപിക്കാനിരിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തികാവലോകന റിപ്പോർട്ടും ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. സ്വകാര്യമേഖലയിലെ കൂടുതൽ പദ്ധതികളുടെ പ്രഖ്യാപനം തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇന്ന് പ്രഖ്യാപിക്കുക. ബിസിനസ് മേഖലയിലും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും പുതിയ പദ്ധതികൾ അനുകൂല ഫലം ചെലുത്തുമെന്നും സാമൂഹിക വികസന മേഖലയിൽ വൈകാതെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 
അതിനിടെ, ജനവാസ കേന്ദ്രങ്ങൾക്കു പുറത്ത് തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്നതിന് ഉന്നതാധികൃതർ പുതിയ വ്യവസ്ഥകൾ ബാധകമാക്കി. ഇതനുസരിച്ച് ബാച്ചിലേഴ്‌സ് ആയ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അഞ്ഞൂറു മീറ്ററിൽ കുറയാത്ത ദൂരത്തായിരിക്കണം. ലേബർ ക്യാമ്പുകൾ പ്രധാന ജനവാസകേന്ദ്രങ്ങളിൽ നിന്ന് 40 കിലോമീറ്ററിൽ കൂടുതൽ ദൂരെയാകാനും പാടില്ല. ലേബർ ക്യാമ്പുകൾ നിൽക്കുന്ന സ്ഥലങ്ങളും പ്രധാന റോഡുകളും തമ്മിൽ ബന്ധമുണ്ടായിരിക്കണം. നിത്യജീവിതത്തിന് ആവശ്യമായ പ്രധാന സേവനങ്ങളെല്ലാം ലേബർ ക്യാമ്പുകൾക്ക് സമീപം ലഭ്യമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
അപകടകരമായ പ്രദേശങ്ങളിലും മലവെള്ളം ഒഴുകുന്ന താഴ്‌വരകളിലും ലേബർ ക്യാമ്പുകൾ സ്ഥാപിക്കരുത്. ജനവാസ കേന്ദ്രങ്ങളിലുള്ള തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ വ്യവസ്ഥകൾ പൂർണമായിരിക്കണം. ലേബർ ക്യാമ്പുകളുടെ നിർമാണത്തിന് സൗദി കെട്ടിട നിർമാണ കോഡും ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിച്ച സുരക്ഷാ വ്യവസ്ഥകളും പാലിക്കൽ നിർബന്ധമാണ്. ജനവാസ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ലേബർ ക്യാമ്പുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണികളും അതത് കമ്പനികളും സ്ഥാപനങ്ങളും തന്നെ വഹിക്കണം. ഇക്കാര്യത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രത്യേക കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ജനവാസ കേന്ദ്രങ്ങൾക്ക് പുറത്ത് ലേബർ ക്യാമ്പുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾ നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

Latest News