ജ്വലിക്കുന്ന ഓർമകളുമായി സി.എച്ച് വീണ്ടും
ജിദ്ദ- സി.എച്ച് മുഹമ്മദ് കോയയുടെ 35-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'സി.എച്ച് ജ്വലിക്കുന്ന ഓർമകൾ' പ്രദർശനം പുതമകളാലും സംഘാടക മികവിനാലും വേറിട്ട അനുഭവം പകർന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് പ്രവാസ ലോകത്ത് സംഘടിപ്പിക്കാനാകുന്നതിലേറ്റവും മികവുറ്റതായി പ്രദർശന നഗരി. ഒട്ടേറെ ലൈവ് പരിപാടികളുൾപ്പെടെ സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതത്തിലെ അത്യപൂർവ നിമിഷങ്ങൾ അനാവരണം ചെയ്ത ഇംപാല ഗാർഡനിലെ പ്രദർശന നഗരിയിലേക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേരാണ് എത്തിയത്. പ്രദർശന നഗരിയിലെ ഓരോ പരിപാടികളും പഴയ തലമുറക്ക് സി.എച്ച് എന്ന മഹാപ്രതിഭയുടെ സ്മരണകൾ സമ്മാനിച്ചപ്പോൾ പുതു തലമുറക്ക് ചരിത്ര പാഠങ്ങളായി.
ആകർഷകമായ പ്രവേശന കവാടവും സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്ഥാപിക്കപ്പെട്ട സർവകലാശാലകളുടെ മാതൃകകളും കടന്നെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നത് കൗതുകവും അതിശയവും ജനിപ്പിക്കുന്ന ഫോട്ടോ ശേഖരമായിരുന്നു. ഇവക്കൊപ്പം വരകളും ചിത്രങ്ങളും ഫലിതങ്ങളും കാർട്ടൂണുകളുമായുള്ള സി.എച്ചിന്റെ ലോകം. ആരെയും ചിന്തിപ്പിക്കുന്ന സി.എച്ചിന്റെ മൊഴിമുത്തുകളുടെ വൻ സമാഹരണം. സി.എച്ചിന് സൗദി രാജാവും മലേഷ്യൻ പ്രധാനമന്ത്രിയും സമ്മാനിച്ച പേനയും മുഖ്യമന്ത്രിയായപ്പോൾ ഉപയോഗിച്ച പേനയും പ്രദർശനത്തെ പകിട്ടുറ്റതാക്കി. സി.എച്ചിനെ കുറിച്ച് പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ച കാർട്ടൂണുകളും കാരിക്കേച്ചറുകളും സി.എച്ചിന്റെ പ്രസംഗങ്ങളുടെ വീഡിയോ, ഓഡിയോ പ്രദർശനവും, സി.എച്ച് കൺമുമ്പിൽ നിന്ന് പ്രസംഗിക്കുന്ന പ്രതീതി ജനിപ്പിക്കും വിധമുള്ള ആവിഷ്‌കാരവും ആകർഷണവും കൗതുകമുണർത്തുന്നതുമായി.
സി.എച്ചിനെ കുറിച്ച് പുറത്തിറക്കിയ നാല് ഡോക്യുമെന്ററികളുടെ പ്രദർശനവും സി.എച്ച് എഴുതിയ പത്തിലേറെ പുസ്തകങ്ങളുടെ പഴയതും പുതിയതുമായ പതിപ്പുകളുടെ പ്രദർശനവും വിൽപനയും സി.എച്ചിനെ കുറിച്ച് എഴുതപ്പെട്ട 20 പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രവും മുൻകാല നേതാക്കളുടെ ജീവചരിത്രവും ഉൾകൊള്ളുന്ന വ്യത്യസ്തങ്ങളായ നൂറിൽ പരം ഗ്രന്ഥങ്ങളും ഉൾകൊള്ളുന്ന പുസ്തക പ്രദർശന ശാലയിൽ കഥ, നോവൽ, കവിത, ചരിത്രം എന്നിങ്ങനെ മലയാള സാഹിത്യത്തിലെ മുഖ്യധാര എഴുത്തുകാരുടെ പുസ്തകങ്ങളും സ്ഥാനം പിടിച്ചു.
സി.എച്ച് എഴുതിയ നാടകത്തിന്റെ കോപ്പികളും സി.എച്ച് എന്ന പത്രാധിപരുടെ മുഖപ്രസംഗങ്ങളും സി.എച്ചിനെ കുറിച്ച് രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എഴുതിയ ലേഖനങ്ങളും സന്ദർശകർക്ക് വിതരണം ചെയ്തു.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്ഥാപിച്ച കാലിക്കറ്റ്, കൊച്ചിൻ, തൃശൂർ അഗ്രികൾച്ചറൽ സർവകലാശാലകളുടെ
മനോഹരമായ ആവിഷ്‌കാരം വർണ വിസ്മയമായി.

സി.എച്ച് പാട്ടുപുരയിൽ സി.എച്ചിന്റെ ഓർമകൾ ഇശലുകളായി പെയ്തിറങ്ങി. അബ്ദുൽ ഹഖ് ഉൾപ്പെടെയുള്ള ഗായകർ പാട്ടുപുരയിൽ പങ്കാളികളായി. പ്രദർശന നഗരിയിലെത്തിയവർക്ക് സി.എച്ചിന്റെ മനോഹരമായ ഫോട്ടോകൾ തൽസമയം വരച്ച് നൽകി വിദ്യാർഥിനിയായ നൂഹ അശ്‌റഫ് പാളയാട്ടും അരുവി മോങ്ങവും ജനശ്രദ്ധ പിടിച്ചുപറ്റി. കുട്ടികളുടെ കലാ മത്സരങ്ങളും മുതിർന്നവരുടെ ക്വിസ് മത്സരവും ചായ മക്കാനിയും സി.എച്ചിന്റെ നിത്യ സ്മാരകങ്ങളായി പാവപ്പെട്ട രോഗികൾക്ക് അഭയം നൽകി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകളുടെ പ്രദർശനവും നഗരിയെ ധന്യമാക്കി.
ജെ.എൻ.എച്ച് മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി ഉദ്ഘാടനം ചൈയ്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
മുൻ കേന്ദ്രമന്ത്രി പരേതനായ ഇ.അഹമ്മദ് എഴുതിയ 'ഇന്ത്യൻ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കഥ' പുസ്തകം ഡോ.അഹമ്മദ് ആലുങ്ങൽ, മീഡിയാ ഫോറം പ്രസിന്റ്് ടി.പി. ഹസ്സൻ ചെറൂപ്പക്ക് നൽകിയും ഡോ.പുത്തൂർ റഹ്മാൻ എഴുതിയ 'ഇസ്മുഹു അഹമ്മദ്' പുസ്തകം മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ മുസാഫിർ, അൻവർ ചേരങ്കൈക്ക് നൽകിയും നൗഷാദ് മണ്ണിശ്ശേരിയുടെ 'വാട്‌സാപ് വോയ്‌സുകൾ' പുസ്തകം ഡോ.ഇസ്മായിൽ മരിതേരി മലയാളം ന്യൂസ് സ്റ്റാഫ് റിപ്പോർട്ടർ പി.എം.മായിൻകുട്ടിക്ക് നൽകിയും പ്രകാശനം ചെയ്തു. ബഷീർ വള്ളിക്കുന്ന്, അബ്ദുറഹ്മാൻ കാവുങ്ങൽ, മജീബ് ഉപ്പട (റിയാദ്) തുടങ്ങിയവർ ആശംസ നേർന്നു. എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, സി.കെ. ഷാക്കിർ, നാസർ എടവനക്കാട്, നാസർ വെളിയംകോട്, മജീദ് പുകയൂർ തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
ജില്ലാ, മണ്ഡലം, ഏരിയ ഭാരവാഹികൾ ഉൾകൊള്ളുന്ന നൂറ് അംഗ ടീമാണ് പ്രദർശനം നിയന്ത്രിച്ചത്. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, സി.കെ.എ. റസാഖ് മാസ്റ്റർ വി.പി. അബദുറഹ്മാൻ, എ.കെ. ബാവ, ഇസ്മായിൽ അബദുള്ള പാലേരി മുണ്ടക്കുളം, ലത്തീഫ് മുസ്‌ല്യാരങ്ങാടി, നാസർ മച്ചിങ്ങൽ, സി.സി. കരീം, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഞാറക്കോടൻ, അസീസ് കോട്ടോപ്പാടം തുടങ്ങിയവർ നേതൃത്വം നൽകി.






