ജിദ്ദ- ഉത്തര ജിദ്ദയിൽ സമ്പന്നരുടെ വില്ലകളിൽ കവർച്ചകൾ പതിവാക്കിയ നാലംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു ലക്ഷത്തിലേറെ റിയാൽ വില വരുന്ന ആഭരണങ്ങളും ഡയമണ്ടുകളും വിലപിടിച്ച വാച്ചുകളും അടക്കമുള്ള മോഷണ വസ്തുക്കൾ പ്രതികളുടെ പക്കൽ നിന്ന് പോലീസ് വീണ്ടെടുത്ത് ഉടമകൾക്ക് തിരിച്ചു നൽകി. അബ്ഹുർ, അൽനഈം, മുഹമ്മദിയ, അൽ ബസാതീൻ ഡിസ്ട്രിക്ടുകളിൽ അതിസമ്പന്നരുടെ വീടുകളിലാണ് സംഘം കവർച്ചകൾ നടത്തിയിരുന്നത്. താമസക്കാർ സ്ഥലത്തില്ലാത്ത തക്കം നോക്കി പൂട്ടുകൾ പൊളിച്ച് വില്ലകളിൽ പ്രവേശിച്ച് പണവും ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും കവർന്ന് രക്ഷപ്പെടുകയാണ് സംഘം ചെയ്തിരുന്നത്.
വില്ലകളിൽ കവർച്ചകൾ നടന്നതായി ഉടമകൾ പോലീസിൽ പരാതികൾ നൽകിയതിനെ തുടർന്ന് വിദഗ്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് വില്ലകളിൽ കവർച്ചകൾ നടത്തിയിരുന്നതെന്ന് സംഘം സമ്മതിച്ചു. പതിനൊന്നു വില്ലകളിലാണ് സംഘം കവർച്ചകൾ നടത്തിയത്. സംഘത്തിലെ മുഖ്യപ്രതിയായ അറബ് വംശജൻ മക്കയിലാണ് താമസിക്കുന്നത്. ഇയാൾ മുമ്പ് പല കേസുകളിലും പ്രതിയായിട്ടുണ്ട്. രണ്ടാം പ്രതിയായ ഏഷ്യൻ വംശജൻ ജ്വല്ലറി ജീവനക്കാരനാണ്. മറ്റു പ്രതികൾ മോഷ്ടിക്കുന്ന ആഭരണങ്ങൾ വിൽപന നടത്തുന്നതിന് രണ്ടാം പ്രതിയാണ് സഹായിച്ചിരുന്നത്. മൂന്നും നാലും പ്രതികൾ ഉത്തര ജിദ്ദയിലാണ് താമസിച്ചിരുന്നത്. ഇവരാണ് സമ്പന്നർ താമസിക്കുന്ന വില്ലകൾ രഹസ്യമായി നിരീക്ഷിച്ച് താമസക്കാരുടെ നീക്കങ്ങളെ കുറിച്ച് മുഖ്യപ്രതിക്ക് വിവരം നൽകിയിരുന്നത്.






