Sorry, you need to enable JavaScript to visit this website.

'കുഞ്ഞു പാഠം' ഹ്രസ്വ സിനിമയുടെ  പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു 

'കുഞ്ഞു പാഠം' സംവിധായകൻ റസാഖ് കിണാശ്ശേരിക്ക് കെ.എം.സി.സി സംസ്‌കൃതിയുടെ പ്രതിഭാ പുരസ്‌കാരം എഴുത്തുകാരി ഷഹീറാ നസീർ നൽകുന്നു.

ഖമീസ് മുഷൈത്ത്- പ്രകൃതി നിരന്തരമായി ഓർമപ്പെടുത്തിയിട്ടും മനുഷ്യർ പാഠം പഠിക്കുന്നില്ലെങ്കിൽ ദുരന്തങ്ങളുടെ ആവർത്തനങ്ങളാണ് ഭാവിയെ കാത്തിരിക്കുന്നതെന്ന് 'കുഞ്ഞു പാഠം' ഹ്രസ്വ സിനിമയുടെ പ്രദർശനത്തോട് അനുബന്ധിച്ച് നടന്ന പരിസ്ഥിതി ചർച്ച അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് പ്രകൃതി വിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടുമ്പോൾ മറുഭാഗത്ത് പരിസ്ഥിതി മലിനീകരണം നിർബാധം നടക്കുകയാണ്. വ്യക്തികളും സ്ഥാപനങ്ങളും സർക്കാരുകളും വലിയ തിരുത്തലുകൾക്ക് തയാറാവേണ്ടതുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
'എന്റെ മാലിന്യം എന്റെ ബാധ്യത' എന്ന പ്രമേയത്തിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ റസാഖ് കിണാശ്ശേരിയാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള 'കുഞ്ഞു പാഠം' അണിയിച്ചൊരുക്കിയത്. കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതി  സംഘടിപ്പിച്ച പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. 
എഴുത്തുകാരി ഷഹീറാ നസീർ, ജമാൽ കടവ്, ഷാഫി തിരൂർ, അബ്ദുൽ ജലീൽ കാശിഫി, റിയാസ് വെട്ടിക്കാട്ടിരി, വഹീദ് മൊറയൂർ, റിയാസ് മെട്രോ, നവാസ് വാവനൂർ, സലീം പാലക്കാട്, സ്വാദിഖ് ഫൈസി, സിദ്ദീഖ് വാദിയാൻ, റഷീദ് തുവ്വൂർ, മഹറൂഫ് കോഴിക്കോട്, ഷമീർ ഹലീസ്, അബു മുല്ലപ്പള്ളി, സിദ്ദീഖ് പുലാമന്തോൾ, ഹുസൈൻ കൂട്ടിലങ്ങാടി, മജീദ് ഹലീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 
കെ.എം.സി.സി സംസ്‌കൃതിയുടെ പ്രതിഭാ പുരസ്‌കാരം ഷഹീറാ നസീർ, റസാഖ് കിണാശ്ശേരിക്ക് സമ്മാനിച്ചു. സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിൽ പുതിയ പ്രോജക്ടുകൾ ചെയ്യാൻ കുഞ്ഞു പാഠത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രചോദനമായതായി റസാഖ് കിണാശ്ശേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. റുജൂഹ്, മുഹാരിബ്, സ്‌നേഹമോടെ ഉപ്പാക്ക് എന്നീ ആൽബങ്ങളും ഗൾഫ് ജീവിതം പ്രമേയമാക്കി ജിദ്ദയിൽ ചിത്രീകരിച്ച 'ചിലന്തിവല' എന്ന ടെലി ഫിലിമും റസാഖ് കിണാശ്ശേരി സാക്ഷാത്കാരം നിർവഹിച്ചവയാണ്.
ബീച്ചിൽ ഉല്ലാസത്തിനായി എത്തിയ യുവാക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സ്‌നാക് പാക്കുകളും മറ്റും പെറുക്കിയെടുത്ത് മാലിന്യ ബക്കറ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്ന കൊച്ചു പെൺകുട്ടിയാണ് കുഞ്ഞുപാഠത്തിലെ നായിക. വെയ്സ്റ്റുകൾ ബക്കറ്റിൽ ഇടാൻ നേരം ക്ലാസ് മുറിയിലെ 'എന്റെ മാലിന്യം എന്റെ ബാധ്യത' എന്ന പാഠഭാഗം ഓർമയിൽ വന്ന പെൺകുട്ടി അവ ബക്കറ്റിൽ നിക്ഷേപിക്കാതെ മാലിന്യം തെരുവിലേക്കെറിഞ്ഞ അതേ യുവാക്കളുടെ കൈകളിൽ തന്നെ ഏൽപിക്കുകയാണ്. ചിത്രത്തിന്റെ പാരിസ്ഥിതിക പ്രസക്തി കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിൻ മാലിന്യ നിർമാർജന പദ്ധതിയായ 'സീറോ വെയ്സ്റ്റ് കോഴിക്കോട്' പദ്ധതിയുടെ ഔദ്യോഗിക ലോഗോ ചിത്രത്തോടൊപ്പം നൽകാൻ കലക്ടർ യു.വി. ജോസ് അനുമതി നൽകിയിരുന്നു. 
ഏഴാം ക്ലാസുകാരി ബേബി സ്‌നിയ ആണ് ചിത്രത്തിലെ പെൺകുട്ടിയുടെ വേഷമിട്ടത്. സഫ്‌വാൻ, ഭവിൽ വേണുഗോപാൽ, അഖിൽ കെ.പി, റിജോ, സാജിദ് കെ.പി എന്നിവരും വിവിധ വേഷങ്ങൾ ചെയ്തു. 
ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചിൻ രാജും, പശ്ചാത്തല സംഗീതം മണികണ്ഠനും നിർവഹിച്ചു. വയലിനിസ്റ്റ് സി.എം. വാടിയിൽ സ്‌ക്രീനിലും അണിയറയിലും വയലിൻ വായിച്ചു. സന്നാഫ് പാലക്കണ്ടിയാണ് പ്രൊഡക്ഷൻ കൺട്രോളർ. സാങ്കേതിക സഹായം ശിവം ഡിജിറ്റൽ കോഴിക്കോട്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റിയുടെ നേതൃത്വത്തിലാണ് 'കുഞ്ഞു പാഠം' അവതരണവും പ്രകാശനവും നടന്നത്. 
 

Latest News