Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് വിദേശികള്‍ അയക്കുന്ന പണം 119 കോടി റിയാല്‍ കുറഞ്ഞു

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ എട്ടു മാസത്തിനിടെ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 119 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലത്ത് വിദേശികൾ ആകെ 9,366 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 9,485 കോടി റിയാലായിരുന്നു. വിദേശികളുടെ റെമിറ്റൻസിൽ ഈ വർഷം 1.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ വിദേശികളുടെ റെമിറ്റൻസ് 16.9 ശതമാനം കുറഞ്ഞു. ഓഗസ്റ്റിൽ 1,043 കോടി റിയാലാണ് വിദേശികൾ അയച്ചത്. 2017 ഓഗസ്റ്റിൽ വിദേശികളുടെ റെമിറ്റൻസ് 1,255 കോടിയായിരുന്നു. 
ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടായില്ല. ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലത്ത് സൗദികൾ 4,122 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദികളുടെ റെമിറ്റൻസ് 4,105 കോടി റിയാലായിരുന്നു. സൗദികളുടെ റെമിറ്റൻസിൽ ആകെ 17.3 കോടി റിയാലിന്റെ വർധനവ് മാത്രമാണ് ഈ വർഷമുണ്ടായത്. സൗദികളുടെ റെമിറ്റൻസ് 0.4 ശതമാനം തോതിൽ വർധിച്ചു. ഓഗസ്റ്റിൽ സൗദികളുടെ റെമിറ്റൻസിൽ 45.5 ശതമാനം കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റിൽ സൗദികൾ 369 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ഓഗസ്റ്റിൽ ഇത് 677 കോടി റിയാലായിരുന്നു. ഓഗസ്റ്റിൽ സൗദികളുടെ റെമിറ്റൻസിൽ 308 കോടി റിയാലിന്റെ കുറവുണ്ടായി. 
കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് 14,165 കോടിയും 2016 ൽ 15,189 കോടിയുമായിരുന്നു. കഴിഞ്ഞ വർഷം വിദേശികൾ അയച്ച പണത്തിൽ 7.2 ശതമാനം കുറവുണ്ടായി. 2010 ൽ വിദേശികളുടെ റെമിറ്റൻസിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ആ വർഷം 9,880 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ചത്. 2011 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ചു. റെമിറ്റൻസ് 11,000 കോടി റിയാലായി ആ വർഷം ഉയർന്നു. 2012 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ച് 12,500 കോടി റിയാലിലും 2013 ൽ 18 ശതമാനം വർധിച്ച് 14,700 കോടി റിയാലിലും 2014 ൽ നാലു ശതമാനം വർധിച്ച് 15,300 കോടി റിയാലിലും 2015 ൽ രണ്ടു ശതമാനം വർധിച്ച് 15,680  കോടി റിയാലിലും എത്തി. 2016 ൽ റെമിറ്റൻസിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. 2015 ൽ വിദേശികളുടെ റെമിറ്റൻസ് സർവകാല റെക്കോർഡ് ആയിരുന്നു. 
 


 

Latest News