ഫലസ്തീന്‍ അഭയാര്‍ഥികളെ ലോകത്തിന് ഉപേക്ഷിക്കാനാവില്ല-യു.എന്‍


റിലീഫ് ഏജന്‍സിയെ ഇല്ലാതാക്കാം,ഫലസ്തീന്‍ അഭയാര്‍ഥികളെ ഇല്ലാതാക്കാനാവില്ല


അഭയാര്‍ഥി പ്രശ്‌നമില്ലാത്ത സമാധാന ചര്‍ച്ചക്ക് ട്രംപ് വഴിതേടുന്നു


യുനൈറ്റഡ് നാഷന്‍സ്- പണം നല്‍കിയാലും ഇല്ലെങ്കിലും ലോകത്തിന് ഫലസ്തീന്‍ അഭയാര്‍ഥികളെ ഉപേക്ഷിക്കാനാവില്ലെന്ന് യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) കമ്മീഷണര്‍ ജനറല്‍ പിയര്‍ ക്രാഹെന്‍ബുള്‍ പറഞ്ഞു. അമേരിക്ക നല്‍കി വന്നിരുന്ന ഫണ്ട് നിര്‍ത്തലാക്കിയതിനെ തടുര്‍ന്ന് 53 ലക്ഷം ഫലസ്തീനി അഭയാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി സാമ്പത്തിക പ്രതിസന്ധിയിലാണ്. തങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായാലും അഭയാര്‍ഥികളുടെ പ്രശ്‌നം അതേപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം മുഴുവനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 68 ദശലക്ഷം ഡോളര്‍ മാത്രം അവശേഷിക്കെ ഏജന്‍സിക്ക് ശുഭവാര്‍ത്തയായി 118 ദശലക്ഷം ഡോളറോളം പുതിയ സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ 102 കോടി ഡോളറിന്റെ ബജറ്റ് കണ്ടെത്താന്‍ ഏജന്‍സിക്ക് കഠിന ശ്രമം നടത്തേണ്ടിവരും. ഇതു സംബന്ധിച്ച് തീര്‍ച്ചയായും ആശങ്കയുണ്ടെന്ന് ഏജന്‍സി മേധാവി പറഞ്ഞു. ഈ വര്‍ഷം ഉദാര സമീപനം സ്വീകരിച്ച രാജ്യങ്ങള്‍ അടുത്ത വര്‍ഷവും ഇതേ നിലപാട് തുടരുമോ എന്നതാണ് മുഖ്യപ്രശ്‌നം.
ദശലക്ഷക്കണക്കിന് ഫലസ്തീന്‍ ജനത യു.എന്‍. ഏജന്‍സിയെ ആശ്രയിക്കുമ്പോള്‍ അതിനെ മൊത്തമായും ഇല്ലായ്മ ചെയ്യാനാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് യു.എന്‍. പൊതുസഭയില്‍ പറഞ്ഞു. 1948 ല്‍ ഇസ്രായില്‍ സ്ഥാപിതമായ യുദ്ധത്തിനു പിന്നാലെ സ്വന്തം വീടുകളില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ഏഴ് ലക്ഷത്തോളം ഫലസ്തീനികളെ സഹായിക്കുന്നതിന് യു.എന്‍. റിലീഫ് ഏജന്‍സി സ്ഥാപിതമായത്. ഇപ്പോള്‍ അത് വെസ്റ്റ് ബാങ്കിനും ഗാസക്കും പുറമെ, ജോര്‍ദാന്‍, സിറിയ, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലായി 53 ലക്ഷം ഫലസ്തീനികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യ, സാമൂഹിക സേവനങ്ങള്‍ നല്‍കുന്നു.
യു.എന്‍. ഏജന്‍സിക്കുള്ള 300 ദശലക്ഷം ഡോളര്‍ നിര്‍ത്തിയതും ദശാബ്ദങ്ങളായി നല്‍കി വരുന്ന സഹായം നിര്‍ത്തലാക്കുകയാണെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും തീര്‍ത്തും ഖേദകരവും നിരാശാജനകുമായിരിന്നുവെന്ന് ഏജന്‍സി കമ്മീണര്‍ ക്രാഹെന്‍ബുള്‍ പറഞ്ഞു. യു.എന്‍ ഏജന്‍സിക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയിരുന്നത് അമേരിക്ക ആയിരുന്നു. വാര്‍ഷിക ബജറ്റിന്റെ 30 ശതമാനം അമേരിക്കയാണ് നല്‍കി വന്നിരുന്നത്. തികച്ചും രാഷ്ട്രീയ കാരണങ്ങളാല്‍ കൈക്കൊണ്ട തീരുമാനമാണിതെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. ഞങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ടായിരുന്നില്ല ഇത്. യു.എസ്, ഫലസ്തീന്‍ നേതാക്കള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് ജീവകാരുണ്യ സംഘടനയെ വലിച്ചിഴക്കുകയായിരുന്നു. ഇത്തരം രാഷ്ട്രീയവല്‍ക്കരണത്തില്‍നിന്ന് ജീവകാരുണ്യ സഹായത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ക്രാഹെന്‍ബുള്‍ പറഞ്ഞു.
യു.എന്‍. റിലീഫ് ഏജന്‍സിക്കുള്ള സഹായം നിര്‍ത്തലാക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും അഴിമതി നിറഞ്ഞ അത് സമാധാനത്തിനു സഹായിക്കുന്നില്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിന്റെ മിഡിലീസ്റ്റ് ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്്‌നര്‍ അയച്ച ഒരു ഇ-മെയില്‍ ഫോറിന്‍ പോളിസി മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.
യു.എസ് ഫണ്ടിംഗ് നിര്‍ത്തിയതിനെ പ്രകീര്‍ത്തിച്ച ഇസ്രായില്‍ ഏജന്‍സി ഇസ്രായിലി-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാക്കുകയാണെന്ന് ആരോപിച്ചിരുന്നു. ക്ലാസ്മുറികളില്‍ ഇസ്രായില്‍ വിദ്വേഷമാണ് പഠിപ്പിക്കുന്നതെന്നും ഹമാസുമായി സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നും ഇസ്രായില്‍ കുറ്റപ്പെടുത്തിയിരുന്നു. എല്ലാ ആരോപണങ്ങളും ഏജന്‍സി കമ്മീഷണര്‍ നിഷേധിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യുറോപ്പില്‍ നിന്നുമാണ് ഏജന്‍സിക്ക് പുതിയ സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരിക്കുന്നത്. 10 ദശലക്ഷം ഡോളര്‍ നല്‍കിയിരുന്ന ഖത്തര്‍ 50 ദശലക്ഷം ഡോളറായി വര്‍ധിപ്പിച്ചു. സൗദി അറേബ്യയും യു.എ.ഇയും സഹായം വര്‍ധിപ്പിച്ചു. ഇന്ത്യ നല്‍കിയിരുന്ന 10 ലക്ഷം 50 ലക്ഷം ഡോളറാക്കി ഉയര്‍ത്തി. ചൈന, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി, സ്വീഡന്‍ എന്നിവയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും സംഭാവന വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് കുവൈത്ത് 42 ദശലക്ഷം ഡോളറും യൂറോപ്യന്‍ യൂനിയന്‍ 40 ദശലക്ഷം ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുകയാണെന്ന് ഫലസ്തീനികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭാവി സമാധാന ചര്‍ച്ചകളില്‍ ഫലസ്തീനി അഭയാര്‍ഥി പുനരധിവാസമെന്ന പ്രശ്‌നം ഉയര്‍ന്നു വരാതിരിക്കാനാണ് അമേരിക്കയുടെ നടപടി. ദ്വിരാഷ്ട്ര പരിഹാരത്തെ അമേരിക്ക പിന്തുണക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് പുതിയൊരു സമാധാന പദ്ധതി തയാറാക്കി വരികയാണ് ജേര്‍ഡ് കുഷ്്‌നര്‍.
ദ്വിരാഷ്ട്ര പരിഹാരത്തെയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പിന്തുണക്കുന്നതെന്നും മറ്റൊരു പദ്ധതിയില്ലെന്നും ക്രാഹെന്‍ബുള്‍ ആവര്‍ത്തിച്ചു. ഫലസ്തീന്‍ അഭയാര്‍ഥികളുടെ ആശങ്കകളും പ്രതീക്ഷകളും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം സമാധാന പദ്ധതിയെന്ന കാര്യത്തില്‍ സംശയമില്ല. ആരാണ് അഭയാര്‍ഥിയെന്ന് നിശ്ചയിക്കാനുള്ള അമേരിക്കയുടേയും ഇസ്രായിലിന്റേയും നീക്കം വിഷയം ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കാനാണെന്ന് ഫലസ്തീനികള്‍ കുറ്റപ്പെടുത്തുന്നു. ഇസ്രായില്‍ തലസ്ഥാനമായ ജറൂസലമിനെ അംഗീകരിച്ചതു പോലുള്ള തന്ത്രങ്ങളാണ് അമേരിക്ക ഇതിലും പയറ്റുന്നത്. അഭയാര്‍ഥികളേയും അവരുടെ മക്കളേയും പേരമക്കളേയും അഭയാര്‍ഥികളായി തന്നെ അംഗീകരിക്കണമെന്ന കാര്യം യു.എന്‍ പൊതുസഭ വ്യക്തമാക്കിയതാണെന്നും ക്രാഹെന്‍ബുള്‍ പറഞ്ഞു. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയും ഇതേ നിര്‍വചനം തന്നെയാണ് അഭയാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഏതെങ്കിലും അംഗ രാഷ്ട്രത്തിന് പൊടുന്നനെ ഇതില്‍ മാറ്റം വരുത്താനോ അഭയാര്‍ഥികളുടെ എണ്ണം പ്രഖ്യാപിക്കാനോ അധികാരമില്ല.
യു.എന്‍ അഭയാര്‍ഥി ഏജന്‍സി നിലനിന്നിരുന്നോ എന്നതല്ല മഖ്യപ്രശ്‌നമെന്ന് ക്രാഹെന്‍ബുള്‍ പറഞ്ഞു. 1948 ലെ യുദ്ധത്തിനു ശേഷം 70 വര്‍ഷമായി അഭയാര്‍ഥി സമൂഹം നിലനില്‍ക്കെ, അതു കൂടി ഉള്‍ക്കൊണ്ടുകൊണ്ട് രാഷ്ട്രീയ പരിഹാരം കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹം തയറായോ എന്നതാണ് മുഖ്യപ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.
---

 

Latest News