Sorry, you need to enable JavaScript to visit this website.

പട്ടിയിറച്ചി മാനിറച്ചിയാക്കി വിറ്റെന്ന് അഭ്യൂഹം; സ്ഥിരീകരിക്കാതെ വനം, പോലീസ് വിഭാഗം

കാളികാവ്- ചോക്കാട് കല്ലാമൂലയിൽ കേഴമാനിന്റെ ഇറച്ചിയെന്നു തെറ്റിദ്ധരിപ്പിച്ച് വേട്ട സംഘം പട്ടിയിറച്ചി വിറ്റതായി അഭ്യൂഹം പടരുന്നു. എന്നാൽ അധികൃതർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയകളിൽ വിവാദം കൊഴുക്കുന്നുമുണ്ട്. ഇതിനിടെ പട്ടിയിറച്ചി കഴിച്ച നിരവധി പേർ ആശുപത്രിയിലായതായും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. 
ചോക്കാട്, കല്ലാമൂല ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ഇറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു പട്ടിയിറച്ചി വിൽപന നടത്തിയതായാണ് വിവാദം കൊഴുക്കുന്നത്. വിവാദം കത്തിപ്പടർന്നതോടെ ചില ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാർത്തകൾക്ക് കൊഴുപ്പു കൂട്ടാൻ പട്ടിയിറച്ചി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ആശുപത്രിയിൽ ചികിത്സ തേടിയതായും വാർത്തകൾ വന്നു. 
ഇതിനിടെ പട്ടികളുടെ അഴുകിയ തല വനത്തിൽ കണ്ടതായും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. ഏതാനും ദിവസങ്ങളായി നടക്കുന്ന വിവാദങ്ങൾ കൊഴുത്തതോടെ പോലീസും വനപാലകരും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. 600 രൂപക്കാണ് ഒരു കിലോ പട്ടിയിറച്ചി കേഴമാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘം വിൽപന നടത്തിയതത്രേ. പേര് വെളിപ്പെടുത്താത്ത പല പ്രമുഖരും പട്ടിയിറച്ചി കഴിച്ചതായും സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രചാരണങ്ങളാണ് വന്നത്. കഴിച്ചവർ തങ്ങളെ വഞ്ചിച്ചുവെന്ന പരാതി കൊടുക്കാത്തതാണ് സംഭവത്തിന്റെ വസ്തുത പുറത്ത് വരാതിരിക്കാനുള്ള പ്രധാന കാരണം. വാർത്തകൾ പരന്നതോടെ വനപാലകർക്കും പോലീസിനും തലവേദനയായിരിക്കുകയാണ്.
 

Latest News