ബഗ്ദാദ്- മോഡലിങ്ങിലൂടെ ഇന്‍സ്റ്റഗ്രാം താരമായി മാറിയ ഇറാഖി സുന്ദരി താര ഫാരിസിനെ അജ്ഞാത ആക്രമികള്‍ വെടിവച്ചു കൊന്നു. പോര്‍ഷെയുടെ തുറന്ന ആഡംബര കാര്‍ ഓടിച്ചു പോകുന്നതനിടെയാണ് ബഗ്ദാദിലെ കാം സാറയില്‍ വച്ച് പട്ടാപകല്‍ താരയ്ക്ക് വെടിയേറ്റത്. മൂന്ന് വെടിയുണ്ടകളാണ് ഏറ്റിട്ടുള്ളത്. സംഭവത്തില്‍ ഇറാഖി ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 27 ലക്ഷം ഫോളോവേഴ്‌സുള്ള താര സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ ഇറാഖി മോഡലാണ് ഈ 22കാരി. ശരീത്തിലെ ടാറ്റൂകള്‍ പ്രദര്‍ശിപ്പിച്ചും ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ഫോട്ടോകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവച്ചിരുന്നു.
താരയുടെ അന്ത്യം സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സ്വന്തം പ്രശസ്തിയുടെയും ജീവിതരീതിയുടേയും ഇരയാണ് താരയെന്ന് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഇറാഖി കുര്‍ദിസ്ഥാന്‍ തലസ്ഥാനമായി ഇര്‍ബിലില്‍ കഴിഞ്ഞിരുന്ന താര ഇടക്കിടെ മാത്രമെ സ്വന്തം നാടായ ബഗ്ദാദിലേക്ക് യാത്ര ചെയ്തിരുന്നുള്ളൂ. ഇറാഖി മനുഷ്യാവകാശ പ്രവര്‍ത്തകയും പൊതു രംഗത്ത് സജീവവുമായിരുന്ന സുആദ് അല്‍ അലിയും സമാന രീതിയില്‍ വെടിയേറ്റു മരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കാറോടിച്ചു പോകുന്നതിനിടെ ബസറയിലാണ് സുആദ് വെടിയേറ്റു മരിച്ചത്.