റിയാദ്- തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്ത 150 സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സേവനങ്ങൾ നിർത്തിവെച്ചു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസും ഏകോപനം നടത്തിയാണ് ഈ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെച്ചത്. ഈ വർഷാദ്യം മുതലാണ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താതിരിക്കുകയോ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള തവണകൾ അടയ്ക്കാതിരിക്കുകയോ ചെയ്ത 150 സ്ഥാപനങ്ങൾക്ക് സേവനങ്ങൾ വിലക്കിയതെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് യാസിർ അൽമആരിക് പറഞ്ഞു.
തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താതിരിക്കുകയോ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള തവണകൾ അടയ്ക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിയുടെയും ഒരു വർഷത്തെ പോളിസി തുകക്ക് തുല്യമായ തുക പിഴ ചുമത്തുന്നുണ്ട്. ഇതിനു പുറമെ പോളിസി തുക അടക്കുന്നതിനും സ്ഥാപനങ്ങളെ നിർബന്ധിക്കും. ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദേശങ്ങളിൽ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് താൽക്കാലികമായോ എന്നെന്നേക്കുമായോ വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുവദിക്കുന്നുണ്ട്. തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്ത സ്ഥാപനങ്ങളെ കുറിച്ച് പ്രവിശ്യകളിലെ ലേബർ ഓഫീസുകൾക്ക് വിവരം നൽകുകയാണ് കൗൺസിൽ ചെയ്യുന്നത്. സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതിന് ലേബർ ഓഫീസുകൾ നടപടികൾ സ്വീകരിക്കും.
സൗദികളും വിദേശികളുമായ മുഴുവൻ തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. തൊഴിലാളികളുടെ ആൺമക്കൾക്ക് 25 വയസു വരെയും പെൺമക്കൾക്ക് വിവാഹം പൂർത്തിയാകുന്നതു വരെയുമാണ് തൊഴിലുടമകൾ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താത്ത കമ്പനികളെയും സ്ഥാപനങ്ങളെയും കുറിച്ച് പരാതികൾ നൽകുന്ന തൊഴിലാളികളെ കുറിച്ച വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും. ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനത്തിൽ നിന്ന് പണം പിടിക്കുന്നതിന് തൊഴിലുടമകൾക്ക് അവകാശമില്ല. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന, തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതിനും തൊഴിലുടമകൾക്ക് അവകാശമില്ല. കുടുംബാംഗങ്ങളുടെ എണ്ണം എത്രയാണെങ്കിലും അവർക്കെല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് തൊഴിലുടമകൾ ബാധ്യസ്ഥരാണ്.
തൊഴിലുടമകൾ കൃത്യസമയത്ത് പോളിസി തവണകൾ അടക്കാത്ത പക്ഷം പോളിസി റദ്ദാക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾക്ക് അവകാശമുണ്ട്. സേവനങ്ങൾ നൽകുന്നതിൽ വീഴ്ചകളോ കൃത്രിമങ്ങളോ നടത്തുന്ന സേവന ദാതാക്കളുമായുള്ള കരാറുകൾ നോട്ടീസ് നൽകി റദ്ദാക്കുന്നതിനും ഇൻഷുറൻസ് കമ്പനികളെ നിയമം അനുവദിക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ഏറ്റവും ചുരുങ്ങിയത് ആശുപത്രികൾ അടക്കം 337 സേവന ദാതാക്കൾ അടങ്ങിയ നെറ്റ്‌വർക്ക് ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കൽ നിർബന്ധമാണ്. ഇക്കൂട്ടത്തിൽ പെട്ട ഏതെങ്കിലും സേവന ദാതാവ് പുറത്തു പോകുന്ന പക്ഷം ബദൽ സേവന താദാവിനെ കമ്പനികൾ ലഭ്യമാക്കിയിരിക്കണം. സേവന ദാതാക്കളുടെ പട്ടികയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിനെയും ഉപയോക്താക്കളെയും ഇൻഷുറൻസ് കമ്പനികൾ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് യാസിർ അൽ മആരിക് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ 10,95,898 സൗദി ജീവനക്കാർക്കും 17,77,676 ആശ്രിതർക്കും 62,64,389 വിദേശ തൊഴിലാളികൾക്കും 20,09,426 ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്.






