Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാവരും തുല്യർ, ആർക്കും പ്രത്യേക പരിരക്ഷയില്ല -സൽമാൻ രാജാവ്

മദീന - സൗദി അറേബ്യയിൽ എല്ലാവരും തുല്യരാണെന്നും നിയമ നടപടികളിൽനിന്ന് ആർക്കും പ്രത്യേക പരിരക്ഷയില്ലെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. മദീന നിവാസികൾ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജാവ്. സൗദിയിൽ ആർക്കിടയിലും വൈജാത്യമില്ല. ചില രാജ്യങ്ങളിൽ ചില വ്യക്തികൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. സൗദിയിൽ ആർക്കെതിരിലും ആർക്കും പരാതികൾ നൽകാം. രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിനെതിരെ പൗരന്മാരിൽ ഒരാൾ പരാതി നൽകിയ സംഭവമുണ്ട്. തനിക്കെതിരെ പരാതി നൽകുന്നതിന് രാജാവ് തന്നെ ആവലാതിക്കാരനോട് നിർദേശിക്കുകയായിരുന്നു. 
തന്റെ ന്യൂനതകളെ കുറിച്ച് ശ്രദ്ധയിൽ പെടുത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും സൽമാൻ രാജാവ് പറഞ്ഞു. ഇസ്‌ലാമിനെയോ രാഷ്ട്രത്തെയോ പൗരന്മാരെയോ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ കണ്ടാൽ അക്കാര്യം ശ്രദ്ധയിൽ പെടുത്തണം. ഈ രാജ്യത്ത് നമ്മളെല്ലാവരും സഹോദരങ്ങളാണ്. സത്യത്തിനു വേണ്ടി പരസ്പരം സഹകരിക്കുകയും ചെയ്യുന്നു. എല്ലാവരും സ്വന്തം രാജ്യത്തിന്റെ ഗുണത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ പലരും സ്വന്തം ഗ്രാമത്തിലോ നാട്ടിലോ അല്ല കഴിയുന്നത്. സൗദി അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും പൗരന്മാർ സേവനമനുഷ്ഠിക്കുന്നു. ഇരു ഹറമുകളുടെയും സേവകൻ എന്ന പേരിലാണ് താനും തനിക്ക് മുമ്പുള്ള ഭരണാധികാരികളും അറിയപ്പെടുന്നത്. ഇത് അഭിമാനവും ആദരവുമാണ്. അല്ലാഹുവിന്റെ ഭവനങ്ങളെയും മക്കയെയും മദീനയെയും സൗദി ഭരണാധികാരികൾ സേവിക്കുന്നു. യാതൊരുവിധ ഭീതികളുമില്ലാതെ മനഃസമാധാനത്തോടെയാണ് ഹജ്, ഉംറ തീർഥാടകർ പുണ്യഭൂമിയിലെത്തുന്നത്. രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് വെട്ടിത്തെളിച്ച പാതയാണ് അദ്ദേഹത്തിന്റെ മക്കളായ ഭരണാധികാരികളും പിന്തുടരുന്നതെന്ന് സൽമാൻ രാജാവ് പറഞ്ഞു.
യാമ്പു സമുദ്രജല ശുദ്ധീകരണ, വൈദ്യുതി ഉൽപാദന പദ്ധതി മൂന്നാം ഘട്ടത്തിനും മസ്ജിദുന്നബവി വികസന ചരിത്രം വ്യക്തമാക്കുന്ന സർവവിജ്ഞാനകോശ പദ്ധതിക്കും ചടങ്ങിൽ രാജാവ് തുടക്കമിട്ടു. മദീനയിൽ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി നിർമാണവും രാജാവ് ഉദ്ഘാടനം ചെയ്തു. മദീന ഗവർണറേറ്റിൽ ഒരുക്കിയ സ്വീകരണ വേദിയിലെത്തിയ രാജാവിനെ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരനും മറ്റു നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മദീന നിവാസികളെ പ്രതിനിധീകരിച്ച് ഗവർണർ ഒരുക്കിയ അത്താഴ വിരുന്നിലും രാജാവ് പങ്കെടുത്തു. മദീനയിലെ പുതിയ മീഖാത്ത് ആശുപത്രി പദ്ധതിയാണ് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയായി പരിവർത്തിപ്പിക്കുന്നത്. 
മദീനയിൽ കിംഗ് സൽമാൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററും ബുധനാഴ്ച രാത്രി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. 91,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് നിർമിച്ച കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയത്തിൽ 2500 സീറ്റുകളുണ്ട്. ഇത് കൂടാതെ 500 സീറ്റുകൾ വീതം അടങ്ങിയ മറ്റു മൂന്നു ഓഡിറ്റോറിയങ്ങളും നിരവധി മീറ്റിംഗ് റൂമുകളും 1200 കാറുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗും മറ്റു അനുബന്ധ സൗകര്യങ്ങളുമുണ്ട്.  
 

Latest News