ഖത്തീഫ് - അൽ കുവൈകിബ് ഡിസ്ട്രിക്ടിലെ ഒരു വീട് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്ന മൂന്ന് കൊടും ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വിഭാഗം തേടുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ സുരക്ഷാ സമിതി വക്താവ് വ്യക്തമാക്കി.
മുഹമ്മദ് ഹസൻ ആലു സായിദ്, മുഫീദ് ഹംസ അലി അൽഅൽവാൻ, ഖലീൽ ഇബ്രാഹിം ഹസൻ ആലു മുസ്‌ലിം എന്നിവരെയാണ് സൈന്യം വധിച്ചത്. മൂന്ന് പേരും സൗദി പൗരന്മാരാണ്. ഇന്നലെ വൈകുന്നേരം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭീകര സംഘത്തിന്റെ സങ്കേതം വളഞ്ഞ സുരക്ഷാ സൈന്യം ഇവരോട് ആയുധം വെച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ ഭീകരർ സൈന്യത്തിന് നേരെ ശക്തമായി വെടിയുതിർത്തു. തുടർന്ന് പ്രദേശ വാസികൾക്കും കാൽനട യാത്രികർക്കുമിടയിലൂടെ ഓടി രക്ഷപ്പെടാനും ശ്രമിച്ചു. സൈന്യം അതിശക്തമായി തിരിച്ചടിച്ചതിനെ തുടർന്നാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. പ്രദേശവാസികൾക്കും മറ്റും പരിക്കേറ്റതായി റിപ്പോർട്ടില്ല.
തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നേരിടുന്നതിന് സുരക്ഷാ വിഭാഗം പ്രതിജ്ഞാബദ്ധമാണെന്ന് ദേശീയ സുരക്ഷാസമിതി വ്യക്തമാക്കി. ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.