ദമാമിലെ വ്യവസായി അഞ്ജു ഹംസ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു;സുഹൃത്തിന് കുത്തേറ്റു

ആക്രമണത്തിൽ പരിക്കേറ്റ അയ്യൂബ്. പിടിയിലായ ബിലാൽ എന്ന ശ്രീജിത്ത്.

ദമാം- ദമാമിലെ പ്രമുഖ മലയാളി വ്യവസായി അഞ്ജു ഹംസക്കുനേരെ നാട്ടില്‍ വധശ്രമം. ആലുവ നടുറോഡില്‍ അക്രമം തടയുന്നതിനിടെ  സുഹൃത്തായ ആലുവ ഉളിയന്നൂര്‍ സ്വദേശി അയ്യൂബിനു കുത്തേറ്റു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ എറണാകുളം ആസ്റ്റര്‍ മെഡി സിറ്റി ആശുപത്രിയിലാണ്. വയറിലും മുതുകിലും മറ്റുമായി നാലിടത്ത് കുത്തേറ്റിട്ടുണ്ട്.
ആലുവ തായിക്കാട്ടുകര കമ്പനിപ്പടിയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ടു ക്വട്ടേഷന്‍ സംഘത്തിലെ തായിക്കാട്ടുകര സ്വദേശി ബിലാല്‍ എന്ന് വിളിക്കുന്ന ശ്രീജിത്തിനെ നാട്ടുകാര്‍ പിടികൂടി ആലുവ പോലീസിനു കൈമാറി.
ഹംസയും അയ്യൂബും അടങ്ങുന്ന സുഹൃത്തുക്കള്‍ ആലുവ ബൈപാസിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു രണ്ടു കാറുകളിലായി തായിക്കാട്ടുകരയിലേക്ക് വരികയായിരുന്നു. ഈ സമയം ഹംസയുടെ വാഹനത്തെ പിന്തുടര്‍ന്ന ക്വട്ടേഷന്‍ സംഘം ഇവരുടെ വാഹനത്തിനു പല തവണ തടസ്സം സൃഷ്ടിച്ചു. ആലുവ കമ്പനിപ്പടിയില്‍ എത്തിയപ്പോള്‍ ശ്രീജിത്ത് ബൈക്ക് കുറുകെ നിര്‍ത്തി. ഈ സമയം അക്രമി സംഘത്തിലെ മറ്റുള്ളവര്‍ വടിവാളുമായി തുടരെ ആക്രമിക്കുകയായിരുന്നു. ഹംസ ആലുവ കമ്പനിപ്പടിയിലെ കോടികള്‍ വിലമതിക്കുന്ന ഒരു ബഹുനിലക്കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട്  പരാതി നില നില്‍ക്കുന്നുണ്ട്. ഹംസയും സൗദിയിലെ തൃശൂര്‍ സ്വദേശിയായ ബിസിനസ് പങ്കാളിയും ചേര്‍ന്നാണ് കെട്ടിടം വാങ്ങുന്നതിന് കരാറില്‍ ഏര്‍പ്പെട്ടത്. ഇവരില്‍നിന്ന് ഉടമയായ ചുര്‍ന്നിക്കര ഗ്രാമ പഞ്ചായത്തംഗം പണം കൈപ്പറ്റിയിട്ടും കെട്ടിടവും സ്ഥലവും രജിസ്റ്റര്‍ ചെയ്തു നല്‍കാത്തതായിരുന്നു കേസ്. ഈ കേസില്‍ കെട്ടിട ഉടമ റിമാന്‍ഡിലായിരുന്നു. ഇതിനിടെ ബിസിനസ് പങ്കാളിയായ തൃശൂര്‍ സ്വദേശി അഞ്ജു ഹംസയുമായി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ സ്വദേശി ഈ കെട്ടിട ഉടമയുമായി ചേര്‍ന്ന് അഞ്ജുവിനെതിരെ ചില രഹസ്യ ധാരണകള്‍ ഉണ്ടാക്കിയതായും പറയപ്പെടുന്നു. അക്രമത്തിന് ഈ ഇടപാടുകളുമായി ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഒരു കൊലപാതക കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിലാല്‍ എന്ന ശ്രീജിത്ത്. ഗുണ്ടാ ആക്രമണത്തിലെ ക്വട്ടേഷന്‍ ടീമിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തന്റെ വധശ്രമവുമായി ബന്ധപ്പെട്ടു വിദേശ മന്ത്രാലയത്തിലും പരാതി നല്‍കാനുള്ള ആലോചനയിലാണ് അഞ്ജു ഹംസ. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി വിദേശത്തു നടന്ന ഗൂഢാലോചനയും അന്വേഷിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ട്.
അഞ്ജു ഹംസയെ വധിക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ദമാം ഒ.ഐ.സി.സി പ്രസിഡന്റ് ബിജു കല്ലുമല പ്രതിഷേധിച്ചു. ഇതിന്റെ പിന്നിലെ ഗൂഢാലോചനയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


 

Latest News