Sorry, you need to enable JavaScript to visit this website.

ആലിപ്പഴ വർഷം, കനത്ത മഴ; തണുപ്പണിഞ്ഞ് മക്ക

പലയിടത്തും വൈദ്യുതി തടസ്സം 

മക്ക- മക്കയിൽ ആലിപ്പഴ വർഷത്തോടെ കനത്ത മഴ. വ്യാഴാഴ്ച്ച വൈകിട്ടാണ് ഇടിമിന്നലിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്തത്. മഴ മക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസമാണ് മക്കയിൽ മഴ ലഭിക്കുന്നത്.

അൽസെയ്മ, ജിഅ്‌റാന, ശറാഇഹ് അൽനഖ്ൽ, ഫൈഹാ, നവാരിയ, അൽഉംറ, സിത്തീൻ തുടങ്ങി നഗരത്തിന്റെ വടക്ക് കിഴക്ക് പ്രദേശങ്ങളിൽ പൊതുവേ മഴ ശക്തമായിരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ തുടർന്നും മഴക്ക് സാധ്യത നിലനിൽക്കുന്നുണ്ട്.

കനത്ത മഴയെ തുടർന്ന് എക്‌സ്പ്രസ് വേ അടക്കം പ്രധാന നിരത്തുകളിലും ഉൾപ്രദേശങ്ങളിലും വൈദ്യുതി ബന്ധം തടസമായി. വീടുകളിൽ വൈദ്യുതി നിലച്ചുവെന്ന് നിരവധി പേർ പരാതിപ്പെട്ടു. സൗദി ഇലക്ട്രിസിറ്റി കമ്പനി യൂനിറ്റുകൾ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ദൗത്യത്തിലായിരുന്നു. 


കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മക്ക സിവിൽ ഡിഫൻസ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു. തായിഫിലും ജിസാനിലും ഇന്നലെ വൈകുന്നേരം ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. 


അതേസമയം, മക്കയിൽ ചില ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി (എസ്.ഇ.സി) അറിയിച്ചു. ചുരുങ്ങിയ സമയത്തിനകം എമർജൻസി ആന്റ് മെയിന്റനൻസ് യൂനിറ്റുകൾ ഭൂരിപക്ഷം കണക്ഷനുകളിലും വൈദ്യുതി തടസ്സം നീക്കിയിട്ടുണ്ട്. എന്നാൽ അതിശക്തമായ കാറ്റും വെള്ളക്കെട്ടും കാരണം സാങ്കേതിക വിദഗ്ധർക്ക് ചില ഭാഗങ്ങളിൽ എത്തിപ്പെടാൻ സാധിക്കാത്തതാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസ്സമായതെന്നും കമ്പനി വെളിപ്പെടുത്തി

 

Latest News