Sorry, you need to enable JavaScript to visit this website.

ഡിക്ഷണറിയല്ല, പ്രിന്ററാണ് 

ഇലക്ട്രോണിക് ഉപകരണങ്ങളുടെ പുതുമകളും സൗകര്യങ്ങളും വെച്ചുനോക്കുമ്പോൾ പ്രിന്ററുകളിലെ പരിഷ്‌കാരങ്ങൾക്ക് വേഗം കുറവാണെന്ന കാര്യം എല്ലാവരും സമ്മതിക്കും. ഫോണുകളിൽനിന്നും ഇപ്പോൾ പ്രിന്റ് ചെയ്യാമെങ്കിലും പ്രിന്ററുകളുടെ രൂപങ്ങളിലുള്ള മാറ്റങ്ങൾ വേഗത്തിലല്ല. 
പരിഷ്‌കാരങ്ങൾ തേടി എച്ച്.പി മുന്നോട്ടു കുതിക്കുകയാണ്. നിങ്ങൾ എവിടെയാണെങ്കിലും സ്മാർട്ട് സ്പീക്കർ കമാൻഡുകളിലൂടെ പ്രിന്റ് ചെയ്യാൻ സൗകര്യം നൽകുന്നതാണ് എച്ച്.പി അടുത്തിടെ പുറത്തിറക്കിയ ടാംഗോ. അലക്‌സ, കോർട്ടാന, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ വഴി സ്മാർട്ട് സ്പീക്കറുകളിൽ പ്രിന്റ് ഔട്ടിനായി കമാൻഡ് നൽകാം. നിങ്ങളുടെ കലണ്ടറിന്റെ പ്രിന്റ് എടുക്കണമെങ്കിൽ മുറിയിൽ തിരയുകയോ ആപ്ലിക്കേഷൻ അന്വേഷിക്കുകയോ വേണ്ടെന്ന് ചുരുക്കം. ഇങ്ക് കുറയുകയാണെങ്കിൽ പുതിയ ഇങ്കിന് അത് സ്വമേധയാ ഓർഡർ ചെയ്‌തോളും.


നിങ്ങളുടെ കൈയിലുള്ള ടാംഗോ പ്രിന്റർ ഒരു പുസ്തകമോ ഡിക്ഷണറി പോലെയോ ആക്കി വെക്കാമെന്നതാണ് മറ്റൊരു സൗകര്യം. നിങ്ങളുടെ മുറി ആകർഷകമാക്കാനുതകും വിധം ലിനൻ കൊണ്ട് കവർ ചെയ്യാം. സാങ്കേതിക വിദ്യയിൽ പ്രകടമായിരിക്കുന്ന തുണി ട്രെൻഡ് പ്രിന്ററുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. 
മനോഹരമായ കവർ കൂടി അടക്കം ചെയ്തതായിരിക്കും അടുത്ത മാസം ലഭ്യമാകുന്ന ടാംഗോ പ്രിന്ററുകൾ. പ്ലെയിൻ മോഡലിന് 149 ഡോളറും കവർ ഉൾക്കൊള്ളുന്ന ടാംഗോ എക്‌സ് മോഡലിന് 199 ഡോളറുമായിരിക്കും വില. 

Latest News