Sorry, you need to enable JavaScript to visit this website.

എ.ബി.വി.പിക്കാര്‍ ഭീഷണിപ്പെടുത്തി; പ്രൊഫസര്‍ കാല് തൊട്ട് മാപ്പ് പറഞ്ഞു

മണ്ട്‌സോര്‍- മധ്യപ്രദേശില്‍ കോളേജ് പ്രൊഫസര്‍ ബി.ജെ.പി വിദ്യാര്‍ഥി സംഘടനയായ അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എ.ബി.വി.പി) പ്രവര്‍ത്തകരുടെ കാലു പിടിച്ച് മാപ്പ് പറയുന്ന വിഡിയോ പുറത്തുവന്നു. മണ്ട്‌സോര്‍ ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് സംഭവം. രാജീവ് ഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ ക്ലാസ് മുറിക്ക് പുറത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് തുടക്കം. ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ട പ്രൊഫ. ദിനേശ് ഗുപ്തയെ ദേശവിരുദ്ധനെന്ന് വിളിച്ചുകൊണ്ട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകരുടെ കാല് പിടിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.  മാപ്പ് പറഞ്ഞില്ലെങ്കില്‍ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അധ്യാപകന്‍ ക്ലാസില്‍നിന്ന് പുറത്തിറങ്ങി വിദ്യാര്‍ഥികളുടെ കാല് പിടിച്ച് ക്ഷമ ചോദിച്ചത്.

അധ്യാപകന്റെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കുതറിമാറിയെങ്കിലും പിന്നാലെ ചെന്ന് അവരുടെ കാല് പിടിക്കുകയായിരുന്നു.  അവര്‍ വിദ്യാര്‍ഥികളായല്ല എത്തിയത്. രാഷ്ട്രീയക്കാരായാണ്. എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് അവരുടെ മുന്നില്‍ ഞാന്‍ മുട്ടുമടക്കി കാല് തെട്ടത്.  വിദ്യാര്‍ഥികള്‍ പഠിച്ച് ജീവിതത്തില്‍ മെച്ചപ്പെടണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റൊന്നിനെ കുറിച്ചും ഞാന്‍ ചിന്തിക്കാറില്ല- പ്രൊഫ. ഗുപ്ത പറഞ്ഞു. പഠിപ്പിക്കുകയെന്ന തെറ്റു മാത്രമാണ് താന്‍ ചെയ്തതെന്ന്  പറഞ്ഞുകൊണ്ടാണ് പ്രൊഫസര്‍ വിദ്യാര്‍ഥികളുടെ കാല് പിടിച്ചത്.

പ്രൊഫ. ഗുപ്ത അങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തോട് ചെന്ന് ക്ഷമ ചോദിച്ചതായും എ.ബി.വി.പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പവന്‍ ശര്‍മ പറഞ്ഞു. ഭാരത് മാതാ കീ എന്നു വിളിക്കുന്നതില്‍നിന്ന് പ്രൊഫസര്‍ തടഞ്ഞുവെന്നാണ് പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതെന്നും ജില്ലാ നേതാവ് വിശദീകരിച്ചു.   വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പഠനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും എ.ബി.വി.പി ദേശീയ എക്‌സിക്യുട്ടീവ് മെംബര്‍ അങ്കിത് ഗുപ്ത പ്രതികരിച്ചു. കോളേജിനകത്ത് മുദ്രവാക്യം വിളിക്കരുതെന്ന് ആവശ്യപ്പെട്ട പ്രൊഫസര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കാല് പിടിപ്പിച്ചതെന്നും എ.ബി.വി.പിയെ നിരോധിക്കണമെന്നും കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യുഐ സംസ്ഥാന വക്താവ് വിവേക് ത്രിപാഠി പറഞ്ഞു.

 

Latest News