പള്ളി അനിവാര്യമോ; വിശാല ബെഞ്ചിന് വിടണമായിരുന്നുവെന്ന് ജസ്റ്റിസ് നസീര്‍

ന്യൂദല്‍ഹി- മുസ്ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമല്ലെന്ന മുന്‍ ഉത്തരവ് വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം നിരാകരിച്ച സുപ്രീം കോടതി ഭൂരിപക്ഷ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീര്‍.

അയോധ്യയുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണുമാണ് വിധിച്ചത്. പള്ളി ഇസ്ലാം മതാനുഷ്ഠാനത്തില്‍ അവിഭാജ്യ ഭാഗമല്ലെന്ന 1994 ഒക്ടോബര്‍ 24 ലെ ഇസ്മായില്‍ ഫറൂഖി കേസില്‍ സുപ്രീം കോടതിയുടെ പുനഃപരിശോധന ഉണ്ടാകില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും നമസ്‌കാരമാകാമെന്നുമാണ് 1994ല്‍ സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നത്. ഇതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.  എന്നാല്‍ ഈ കേസ് വിപുലമായ ബെഞ്ചിന് വിടാമായിരുന്നു എന്നാണ് അബ്ദുള്‍ നസീറിന്റെ നിരീക്ഷണം. വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ വിശാലഭരണാഘടനാ ബെഞ്ചായിരുന്നു വിധിപറയേണ്ടിയിരുന്നതെന്നും മുസ്ലിം സുമദായത്തിന്റെ മതാനുഷ്ഠാനത്തിന്റെ പ്രശ്‌നമായതിനാല്‍ അതായിരുന്നു കൂടുതല്‍ ഉചിതമെന്നുമായിരുന്നു അദ്ദേഹത്തിന്റെ  നിരീക്ഷണം. ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി ബാബ് രി മസ്ജിദ് കേസില്‍ അലഹാബാദ് ഹൈക്കോടതി നടത്തിയ വിധി പ്രസ്താവത്തെ സ്വാധീനിച്ചിരുന്നുവെന്നും ജസ്റ്റിസ് നസീര്‍ പറഞ്ഞു.

അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചിരുന്നു.  ഇതിനെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹരജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

 

 

 

 

Latest News