ചോക്‌സിയെ കൈമാറുന്ന കാര്യത്തില്‍ ആന്റിഗ്വ സഹകരിക്കും

സുഷമ സ്വരാജും ആന്റിഗ്വ വിദേശകാര്യമന്ത്രി എവര്‍ലി പോളും

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടി രാജ്യം വിട്ട രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് പൂര്‍ണ ഉറപ്പു നല്‍കി.  ആന്റിഗ്വ വിദേശകാര്യമന്ത്രി എവര്‍ലി പോള്‍ ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജിനാണ് ഉറപ്പ് നല്‍കിയതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. എന്നാല്‍ ചോക്‌സിയെ എപ്പോള്‍ കൈമാറുമെന്ന് വ്യക്തമാക്കിയിട്ടില്ല.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ 73ാമത് സെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇരുവിദേശകാര്യമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എവര്‍ലി പിന്തുണയറിയിച്ചത്. ആന്റിഗ്വ ഭരണകൂടവും പ്രധാനമന്ത്രിയും മെഹുല്‍ ചോക്‌സി വിഷയത്തിലെ ഇന്ത്യന്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

എത്രയും വേഗം വിഷയത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് ആന്റിഗ്വയും താല്‍പര്യപ്പെടുന്നതെന്നും അവിടുത്തെ നിയമങ്ങളും കോടതി നടപടികളും പൂര്‍ത്തിയാക്കി ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് എവര്‍ലി പോള്‍ വ്യക്തമാക്കിയതായും രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെ ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ചോക്‌സി നാടുവിട്ടത്. കേസില്‍ താന്‍ നിരപരാധിയാണെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ചോക്‌സിയുടെ വിഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ആന്റിഗ്വയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വിഡിയോയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളെ ചോക്‌സി വിമര്‍ശിച്ചിരുന്നത്.

തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അവയ്‌ക്കൊന്നും അടിസ്ഥാനമില്ലെന്നും പറഞ്ഞ ചോക്‌സി തന്റെ സ്വത്തു വകകള്‍ ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് അനധികൃതമായാണെന്നും ആരോപിച്ചിരുന്നു. ചോക്‌സിക്കെതിരെ റെഡ്‌കോര്‍ണര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു വിഡിയോ പുറത്ത് വന്നത്.

 

Latest News