പാറ്റ്‌ന- ബിഹാറിൽ കോൺഗ്രസ് നേതാക്കളുടെ ജാതി തിരിച്ചുള്ള പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടതിനെ പറ്റി രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി. ബിഹാറിൽ കോൺഗ്രസ് സംസ്ഥാന ഘടകം പുറത്തിറക്കിയ പോസ്റ്ററിൽ ഓരോ നേതാക്കളുടെയും ചിത്രത്തിനൊപ്പം അവരുടെ ജാതിയും എഴുതിച്ചേർത്തിരുന്നു. ബിഹാറിൽ കോൺഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പാറ്റ്‌നയുടെ വിവിധ ഭാഗങ്ങളിൽ ഈ ബാനർ പതിച്ചിട്ടുണ്ട്.
അതേസമയം, സമുദായ സൗഹാർദ്ദത്തിന്റെ മാതൃകയായാണ് ഈ പോസ്റ്ററിനെ കാണേണ്ടത് എന്നാണ് ബിഹാർ സംസ്ഥാന കോൺഗ്രസിന്റെ നിലപാട്. എല്ലാ സമുദായത്തിലുംപെട്ടവർക്ക് കോൺഗ്രസ് തുല്യപരിഗണന നൽകുന്നുവെന്നാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ബിഹാറിന്റെ ചുതമലയുള്ള കോൺഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയാണ് ബിഹാർ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചത്. സംസ്ഥാനത്ത് തിരിച്ചുവരവിനൊരുങ്ങുന്നതിന്റെ ഭാഗമായിട്ടായിരുന്നു പുനസംഘടന.
പോസ്റ്ററിൽ രാഹുൽ ഗാന്ധിയെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝായെയും ബ്രാഹ്മണ സമുദായം എന്നാണ് എഴുതിയിരിക്കുന്നത്. രജപുത്ര സമുദായ അംഗം എന്നാണ് ശക്തി സിംഗ് കോഹിലിന്റെ ചിത്രത്തിനൊപ്പമുള്ളത്.
സംസ്ഥാന കോൺഗ്രസ് നേതാക്കൾ പോസ്റ്ററിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പോസ്റ്റർ പതിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോൺഗ്രസ് ജാതി രഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.