സാമൂഹ്യ മാധ്യമങ്ങളിലെ യു.ഡി.എഫ് ഏറ്റുമുട്ടലിനെതിരെ ചെന്നിത്തല

തൊടുപുഴ- കാലഘട്ടത്തിന് അനുസരിച്ച് പ്രവർത്തന രീതിയിൽ മാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ യു.ഡി.എഫ് പ്രവർത്തകർ സജീവമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം നേതൃസംഗമം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാം സോഷ്യൽ മീഡിയയിലൂടെ നമ്മെ തന്നെ എതിർക്കുന്നത് നിർത്തണം. എതിരാളികളെ നേരിടുന്നതിലാവണം സോഷ്യൽ മീഡിയയിലൂടെ നമ്മുടെ പ്രവർത്തനം. സംഘടനാപരമായ ശക്തി സമാഹരിക്കുക എന്നതാണ് പ്രധാനം. 
നാലര വർഷത്തെ മോഡി ഭരണം രാജ്യത്ത് വിനാശം മാത്രമാണ് സംഭാവന ചെയ്തത്. സ്വിസ് ബാങ്കിലെ കള്ളപ്പണം വീണ്ടെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യും, പ്രതിവർഷം രണ്ട് കോടി ചെറുപ്പക്കാർക്ക് തൊഴിൽ നൽകും തുടങ്ങിയ വാഗ്ദാനങ്ങൾ ഒന്നും നടന്നില്ല. നോട്ട് നിരോധനം മൂലം ജനം ദുരിതത്തിലായതല്ലാതെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ യാതൊരു മാറ്റവും സംഭവിച്ചില്ല. 
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാരാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ നിലപാടുകൾക്ക് മുമ്പിൽ ജനം മുട്ടുമടക്കില്ല. സാലറി ചലഞ്ചിലൂടെ അധ്യാപകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്നതിനെ യു.ഡി.എഫ് ശക്തമായി നേരിടും. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഇടുക്കി പാർലമെന്റ് മണ്ഡലം തിരിച്ച് പിടിക്കാനാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, മുസ്ലിം ലീഗ് നേതാവ് വി.കെ  ഇബ്രാഹിംകുഞ്ഞ്, യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം പി.എ പ്രസന്നകുമാർ, സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി വെള്ളദുരൈ പാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. അലക്സ് കോഴിമല സ്വാഗതവും തൊടുപുഴ നിയോജക മണ്ഡലം കൺവീനർ ജോൺ നെടിയപാല നന്ദിയും പറഞ്ഞു.
 

Latest News