ഒട്ടകത്തിന് തീറ്റയായി റിയാല്‍; അന്വേഷണം ആരംഭിച്ചു; കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം-video

റിയാദ്- ഒട്ടകത്തിന് തീറ്റയായി കറന്‍സി നോട്ടുകള്‍ നല്‍കിയ സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. മരുഭൂമിയില്‍ വെച്ചാണ് ഒരാള്‍ ഒട്ടകത്തിന് സൗദി റിയാല്‍ നോട്ടുകള്‍ തീറ്റയായി നല്‍കിയത്. റൊട്ടിക്കിടയില്‍ നോട്ടുകള്‍ വെച്ച് ഒട്ടകത്തിന് തീറ്റയായി നല്‍കുന്നതിന്റെ ദൃശ്യങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സൗദി കറന്‍സി ദേശീയ അടയാളമാണെന്നും ഇതിന് നിരക്കാത്ത പ്രവൃത്തിയാണ് ഒട്ടക ഉടമയുടെ ഭാഗത്തു നിന്നുണ്ടായതെന്നും സൗദി ബാങ്കുകള്‍ക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ ത്വല്‍അത് ഹാഫിസ് പറഞ്ഞു. വിവേകമുള്ള ആര്‍ക്കും ഇത്തരം ചെയ്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ അടയാളങ്ങളെ അനാദരിക്കുന്ന ഗണത്തിലാണ് ഇത്തരം പ്രവൃത്തികള്‍ പെടുക. ഇത്തരം കേസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകളാണ് അന്വേഷണം നടത്തേണ്ടതെന്നും ത്വല്‍അത് ഹാഫിസ് പറഞ്ഞു. അതേസമയം, കരുതിക്കൂട്ടിയും ദുരുദ്ദേശ്യത്തോടെയും കറന്‍സികള്‍ നശിപ്പിക്കുകയോ കീറിക്കളയുകയോ രാസ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് അവ കഴുകുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയും പബ്ലിക് പ്രോസിക്യൂഷനും മുന്നറിയിപ്പ് നല്‍കി.

 

Latest News