തലശ്ശേരി - വൈദികനും കന്യാസ്ത്രീകളും പ്രതികളായ വിവാദമായ കൊട്ടിയൂർ പീഡനകേസിന്റെ വിചാരണക്കിടെ പ്രതിഭാഗത്തിന് വേണ്ടി തെലങ്കാനയിൽ നിന്നുള്ള ഡി.എൻ.എ വിദഗ്ധനായ അഭിഭാഷകൻ ഹാജരായി. കേസിലെ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ഡി.എൻ.എ പരിശോധനാ ഫലം സംബന്ധിച്ച സാക്ഷി വിസ്താരത്തിനിടെയാണ് പ്രതിഭാഗത്തിന് വേണ്ടി ഡി.എൻ.എ വിദഗ്ധൻ കൂടിയായ അഡ്വ.ജി.വി റാവു ഹാജരായത.് പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് വൈദികനാണെന്ന പരിശോധനാ ഫലം നൽകിയ ഫോറൻസിക് അസി.ഡയറക്ടർ ഷീജയുടെ സാക്ഷി വിസ്താരത്തിന് ക്രോസ് വിസ്താരം ചെയ്യാനാണ് പ്രതിഭാഗം ശക്തനായ അഭിഭാഷകനെ തന്നെ രംഗത്ത് ഇറക്കിയത്. ഡി.എൻ.എ വിദഗ്ധനായ ജി.വി റാവു സർവ്വീസിൽനിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത്. രാജീവ് ഗാന്ധി കൊലക്കേസ്, നൈന സാഹ്നിയെ ചുട്ടു കൊന്ന വിവാദമായ തന്തൂരി കൊലക്കേസ്, ബംഗളുരുവിലെ സ്വാമി പ്രേമാനന്ദ കേസ്, ജാർഖണ്ഡ് മുക്തി മോർച്ച കേസ്, ബംഗളുരുവിലെ രാഘവേശ്വര ഭാരതി സ്വാമി കേസ് എന്നിവയുടെ വിതരണ വേളയിൽ ഡി.എൻ.എ പരിശോധനാ സംബന്ധമായ സഹായം നൽകിയത് ജി.വി റാവുവായിരുന്നു. കൊട്ടിയൂർ പീഡന കേസിൽ ഡി.എൻ.എ പരിശോധന സംബന്ധിച്ച സാക്ഷി വിസ്താരത്തിന് മാത്രമാണ് റാവു ഹാജരാവുന്നത.് ഫോറൻസിക് ഉദ്യോഗസ്ഥ ഷീജയുടെ ക്രോസ് വിസ്താരം ഒക്ടോബർ ഒന്നിന് മാത്രമേ ഇനി നടക്കൂ. അന്ന് വീണ്ടും അഡ്വ.ജി.വി റാവു കോടതിയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാവും.
ഫോൺ സംബന്ധമായ രേഖകളിൽ തെളിവ് ശേഖരിക്കാനായി ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തിയെ ബുധനാഴ്ച കോടതി മുമ്പാകെ വിസ്തരിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികൾ തമ്മിൽ സംസാരിച്ച കോൾ വിവരങ്ങളും കേസിെല ആറ് മുതൽ 10 വരെ പ്രതികൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെയും രേഖകളും മറ്റും സാക്ഷി കോടതി മുമ്പാകെ ഹാജരാക്കി. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഫോൺ സംഭാഷണത്തിൻെറ വിവരങ്ങളും വിചാരണ കോടതി മുമ്പാകെ പ്രോസിക്യൂഷൻ രേഖകൾ സഹിതം സമർത്ഥിച്ചു.
വിചാരണക്കിടെ പീഡനത്തിനിരയായ പെൺകുട്ടിയും പിതാവും അമ്മയും കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഫാ.റോബിന് അനുകൂലമായി ഇവർ മൊഴി നൽകുകയായിരുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി പി.എൻ വിനോദ് മുമ്പാകെയാണ് വിവാദമായ കൊട്ടിയൂർ പീഡന കേസിന്റെ വിചാരണ ആഗസ്ത് ഒന്ന് മുതൽ ആരംഭിച്ചത്.
ഫാ.റോബിൻ വടക്കുഞ്ചേരി, കൊട്ടിയൂർ നീണ്ടു നോക്കിയിലെ നെല്ലിയാനി തങ്കമ്മ, സിസ്റ്റർ ലിസ്മരിയ, സിസ്റ്റർ അനീറ്റ, വൈത്തിരി ഹോളി ഇൻഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ.തോമസ് തേരകം,ശിശുക്ഷേമ സമിതിയംഗം സിസ്റ്റർ ബെറ്റി ജോസ് എന്നിവരാണ് കേസിൽ ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രൊസിക്യൂട്ടർ അഡ്വ.ബീന കാളിയത്ത്, പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.ബി.പി ശശീന്ദ്രൻ, അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.സി.കെ രാമചന്ദ്രൻ എന്നിവരാണ് ഹാജരാവുന്നത.്






